പലയിടങ്ങളിലും ലിച്ചിക്കാലം തകര്‍ക്കുകയാണ്. തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന ലിച്ചി കൊണ്ട് പലതും തയ്യാറാക്കുന്ന തിരക്കിലാണ് വീട്ടമ്മമാര്‍. കഴിക്കാന്‍ രുചിയുള്ള ഒരു പഴം എന്നതില്‍ക്കവിഞ്ഞ് ലിച്ചിയുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്കത്ര അറിവ് പൊതുവേയില്ലെന്നാണ് തോന്നുന്നത്. കാരണം, ഇതെക്കുറിച്ച് അങ്ങനെയാരും അധികം പറഞ്ഞുകേള്‍ക്കാറുമില്ല. രുചിയെയും കാഴ്ചയ്ക്കുള്ള ഭംഗിയേയും കുറിച്ചാണെങ്കില്‍ വാതോരാതെ പറയാന്‍ എത്ര പേരാണ്! 

എന്നാല്‍ അറിഞ്ഞോളൂ, ലിച്ചിക്കുമുണ്ട് ചില ആരോഗ്യഗുണങ്ങള്‍. 80 ശതമാനത്തിലധികം ലിച്ചിയില്‍ വെള്ളമാണുള്ളത്. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഇത് സഹായകമായിരിക്കുമെന്ന് ഇപ്പോള്‍ മനസിലായില്ലേ? അതോടൊപ്പം തന്നെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴം കൂടിയാണ് ലിച്ചി.

100 ഗ്രാം ലിച്ചിയില്‍ ഏതാണ്ട് 16. 53 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടാകുമത്രേ. ഇനി ലിച്ചിയുടെ പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷത്തോടെ ലിച്ചി കഴിക്കാം. കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന 'കോപ്പര്‍', 'പൊട്ടാസ്യം' എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി. 

രണ്ട്...

ലിച്ചിയില്‍ മറ്റേത് പഴങ്ങളെക്കാളും താരതമ്യേന കൂടുതല്‍ 'Antioxidant Polyphenols' അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പ്രമേഹം പോലെയുള്ള ക്രോണിക് ആകാന്‍ സാധ്യതയുള്ള അസുഖങ്ങളെ തടയാന്‍ കഴിവുള്ളവയാണ്. അതുപോലെ തന്നെ ക്യാന്‍സറിനെ ചെറുക്കാനും ഇവയ്ക്കാകും. 

മൂന്ന്...

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ആരോഗ്യാവസ്ഥയില്‍ മാറ്റം വരികയും എളുപ്പത്തില്‍ അസുഖം പിടിപെടുകയും ചെയ്യുന്നവര്‍ക്കും ലിച്ചി നല്ല ഫലം  നല്‍കും.

അതായത്, ഇതിലടങ്ങിയിരിക്കുന്ന 'ഫ്‌ളേവനോള്‍സ്' അണുബാധകളെ പ്രതിരോധിക്കുന്നു. അതിനാല്‍ പനി, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം പോലുള്ള രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ അകറ്റിനിര്‍ത്തുന്നു.