തടി കുറയ്ക്കാന്‍ ഡയറ്റോ വര്‍ക്കൗട്ടോ ചെയ്യുന്നവര്‍ ഒരുപക്ഷേ, ഒട്ടും തന്നെ ശ്രദ്ധിക്കാത്ത ഒന്നാകാം കാലാവസ്ഥയിലുള്ള മാറ്റം. ഇതെങ്ങനെയാണ് ശരീരത്തെ ബാധിക്കുകയെന്നതായിരിക്കും സ്വാഭാവികമായി ഉയരുന്ന സംശയം.

എന്നാല്‍ കേട്ടോളൂ, കാലാവസ്ഥയിലുള്ള മാറ്റങ്ങളും ചെറിയ രീതിയില്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. മഴക്കാലത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ സമയങ്ങളില്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം അല്‍പം പതുക്കെയായിരിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി കുറയാനുള്ള സാധ്യതയുമുണ്ട്. 

അതിനാല്‍ ഈ സമയങ്ങളില്‍ ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ സാധാരണഗതിയിലെടുക്കുന്ന ശ്രദ്ധയേക്കാള്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തേണ്ടിവരും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ഓര്‍മ്മയിലുണ്ടാകണം. ഇത്തരത്തില്‍ മഴക്കാലത്ത്, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാവുന്ന മൂന്ന് തരം പാനീയങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ നീക്കി, ശരീരത്തെ ശുദ്ധീകരിക്കാനും ഇതുവഴി വണ്ണം കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കുകയും ചെയ്യുന്ന മൂന്ന് പാനീയങ്ങളാണിവ...

ഒന്ന്...

ആദ്യമായി പറയാനുള്ളത്, ഗ്രീന്‍ ടീയെ കുറിച്ചാണ്. ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏത് കാലത്തും വിശ്വസിച്ച് കഴിക്കാവുന്ന ഒന്നാണ്. 


എങ്കിലും മഴക്കാലങ്ങളില്‍ ഇത് കുറെക്കൂടി ഫലപ്രദമായ പാനീയമായി കണക്കാക്കാം, കാരണം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, സാധാരണഗതിയില്‍ മഴക്കാലത്ത് പിടിപെടുന്ന ജലദോഷം പോലുള്ള അണുബാധകളില്‍ നമ്മളെ അകറ്റിനിര്‍ത്താനുമെല്ലം ഇത് സഹായിക്കും. കൂട്ടത്തില്‍ അല്‍പം മിന്റ് കൂടി ചേര്‍ക്കുകയാണെങ്കില്‍ ഇത് കൂടുതല്‍ ഉത്തമമായി. ദഹനം ത്വരിതപ്പെടുത്താനാണ് മിന്റ് പ്രധാനമായും ഉപകരിക്കുന്നത്. 

രണ്ട്...

മഞ്ഞള്‍ ചേര്‍ത്ത ചായയെപ്പറ്റിയാണ് രണ്ടാമതായി പറയാനുള്ളത്. ശരീരത്തിലെ വിഷാംശം നീക്കി, ശുദ്ധീകരിക്കാന്‍ മഞ്ഞളിനുള്ള കഴിവിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ, പരമ്പരാഗതമായിത്തന്നെ മഞ്ഞളിനെ ഒരു മരുന്നായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. 


ബാക്ടീരിയ, ഫംഗസ്, വൈറസ് ബാധകളെ ചെറുക്കാന്‍ അത്രമാത്രം സഹായകമാണ് മഞ്ഞള്‍. അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മഞ്ഞള്‍ച്ചായ രുചിയോടെ കഴിക്കാവുന്നതാണ്.

മൂന്ന്...

മൂന്നാമതായി പറയുന്നത്- ഓറഞ്ചും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന പാനീയത്തെക്കുറിച്ചാണ്. ഓറഞ്ചിന് പ്രതിരോധശേഷിയെ വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. അതോടൊപ്പം തന്നെ ഇതില്‍ ഒട്ടും കൊഴുപ്പോ കലോറിയോ ഇല്ലെന്നുള്ളതും ഗുണകരമാണ്.