ഉച്ചഭക്ഷണമോ, വൈകീട്ട് അത്താഴമോ ഒക്കെ ഒഴിവാക്കുമ്പോള്‍ പലപ്പോഴും വിശപ്പ് ശമിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം. ഈ പ്രശ്‌നം പരിഹരിക്കാനും സൂപ്പ് തന്നെയാണ് നല്ലത്. കൂടാതെ ദഹനം എളുപ്പമാക്കാനും സൂപ്പിന് കഴിയും

വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ കൃത്യമായ ഡയറ്റും സൂക്ഷിക്കേണ്ടതുണ്ട്. അതേസമയം ഡയറ്റിന്റെ പേരില്‍ അവശ്യം വേണ്ട ഘടകങ്ങള്‍ കുറഞ്ഞുപോയാലും അത് ആരോഗ്യത്തിന് പ്രശ്‌നമാണ്. ആവശ്യത്തിന് പ്രോട്ടീനാണ് പ്രധാനമായും നമ്മള്‍ ഉറപ്പുവരുത്തേണ്ടത്. ഇക്കാര്യത്തില്‍ സൂപ്പുകളെ വെല്ലാന്‍ മറ്റ് വിഭവങ്ങളില്ലെന്ന് തന്നെ പറയാം. 

ഉച്ചഭക്ഷണമോ, വൈകീട്ട് അത്താഴമോ ഒക്കെ ഒഴിവാക്കുമ്പോള്‍ പലപ്പോഴും വിശപ്പ് ശമിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം. ഈ പ്രശ്‌നം പരിഹരിക്കാനും സൂപ്പ് തന്നെയാണ് നല്ലത്. കൂടാതെ ദഹനം എളുപ്പമാക്കാനും സൂപ്പിന് കഴിയും. അപ്പോള്‍ വണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ക്ക് കഴിക്കാവുന്ന മൂന്ന് തരം സൂപ്പുകളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ശരീരത്തിന് അവശ്യം വേണ്ട പ്രോട്ടീന്‍ ഉറപ്പുവരുത്താന്‍ ഏറ്റവും ഉത്തമമാണ് ചിക്കന്‍. അതിനാല്‍ തന്നെ ചിക്കന്‍ സൂപ്പ് എപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കൂട്ടത്തില്‍ ശരീരഭാരം കുറയ്ക്കാനും ചിക്കന്‍സൂപ്പ് സഹായകമാണ്. 


ഇനി രാത്രി അത്താഴത്തിന് പകരം അല്‍പം കുരുമുളകുപൊടി മുകളില്‍ വിതറിയിട്ട ക്ലിയര്‍ ചിക്കന്‍ സൂപ്പ് കഴിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ ഉപ്പ് വളരെ മിതമായേ ചേര്‍ക്കാവൂ. കാരണം, രാത്രിയില്‍ ഉപ്പ് അങ്ങനെ കഴിക്കുന്നത് അത്ര നന്നല്ല. 

രണ്ട്...

വെജിറ്റേറിയനായ ആളുകള്‍ക്കാണെങ്കില്‍ ചിക്കന്‍ സൂപ്പിന്റെ വിശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ, എന്നാല്‍ അവര്‍ക്ക് കഴിക്കാനും കിടിലമൊരു സൂപ്പുണ്ട്. വെള്ളക്കടല സൂപ്പ്. 


വളരെ കുറവ് കലോറിയും, അതേസമയം ധാരാളം പ്രോട്ടീനുമാണ് വെള്ളക്കടലയുടെ പ്രത്യേകത. നോണ്‍ വെജിറ്റേറിയനെ എതിരിടാന്‍ ഇതിനുള്ള കഴിവ് അത്രമാത്രം സവിശേഷമാണ്. 

മൂന്ന്...

മൂന്നാമതായി പറയുന്നത് അത്ര സാധാരണമല്ലാത്ത ഒരു സൂപ്പാണ്. ചീരയും ചീസും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഇത്. ചീരയും പോഷകങ്ങളാല്‍ സമൃദ്ധമാണ്. വെറും ചീരയുടെ രുചിക്കൊപ്പം ചീസ് കൂടിയാകുമ്പോള്‍ സൂപ്പ് ക്ലാസാകും. 

ചീസ് വണ്ണം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും മിതമായ ചീസ് ഉപയോഗം ശരീരഭാരം ഉയര്‍ത്താന്‍ ഒരിക്കലും കാരണമാകില്ല. ഏത് സൂപ്പിനൊപ്പമാണെങ്കിലും, ഇഷ്ടാനുരണം പച്ചക്കറിയോ മുട്ടയോ ഒക്കെ ചേര്‍ക്കുന്നത് സ്വാദ് വര്‍ധിപ്പിക്കുകയും ഗുണങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുമെന്ന കാര്യം ഒട്ടും മറക്കേണ്ട.