ഉള്ളിയുടെ ദുര്‍ഗന്ധം പലര്‍ക്കും ഇഷ്ടമല്ല. ഉള്ളി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് പോകാന്‍ പലര്‍ക്കും മടിയാണ്. കാരണം വായില്‍ നിന്ന് ഉള്ളിയുടെ ഗന്ധം വരുന്നതായി സ്വയം മനസ്സിലാകും.

അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഉള്ളിയുടെ ദുര്‍ഗന്ധം പലര്‍ക്കും ഇഷ്ടമല്ല. ഉള്ളി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് പോകാന്‍ പലര്‍ക്കും മടിയാണ്. കാരണം വായില്‍ നിന്ന് ഉള്ളിയുടെ ഗന്ധം വരുന്നതായി സ്വയം മനസ്സിലാകാന്‍ കഴിയും. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന 'അലിസിന്‍', 'അലൈല്‍ മീഥൈല്‍ സള്‍ഫൈഡ്', 'സിസ്റ്റീന്‍ സള്‍ഫോക്സൈഡ്' എന്നീ ഘടകങ്ങളാണ് ഈ ഗന്ധത്തിന് കാരണമാകുന്നത്. 

പാത്രങ്ങളിലും ഉള്ളിയുടെ ദുര്‍ഗന്ധം ഉണ്ടാകാം. എന്നാല്‍ അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഈ ദുർഗന്ധം ഒഴിവാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ബേക്കിങ്ങ് സോഡ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബേക്കിങ്ങ് സോഡ ഉപയോഗിച്ച് പാത്രങ്ങളിലെ ഉള്ളിയുടെ ഗന്ധത്തെ അകറ്റാം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പീണ്‍ ബേക്കിങ്ങ് സോഡയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് ഉള്ളിയുടെ ഗന്ധമുള്ള പാത്രങ്ങള്‍ മുക്കി വയ്ക്കാം. 15 മിനിറ്റിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകാം. 

രണ്ട്...

നാരങ്ങയും പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. നാരങ്ങയിലെ ആസിഡ് ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് പാത്രങ്ങള്‍ ഒരു രാത്രി മുഴുവന്‍ മുക്കി വയ്ക്കുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകാം. കൂടാതെ നാരങ്ങാതൊലി ഉരസി പാത്രങ്ങള്‍ കഴുകുന്നതും ഉള്ളിയുടെ ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

വിനാഗിരി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി വലിയ ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, പിന്നെ വെള്ളവും ഒഴിച്ച് വച്ചശേഷം പാത്രങ്ങള്‍ അതിലേയ്ക്കിടാം. അര മണിക്കൂറിന് ശേഷം നല്ല വെളളം ഉപയോഗിച്ച് കഴുകാം. 

നാല്...

കറുവപ്പട്ടയുടെ ഗന്ധം പലർക്കും ഇഷ്ടമാണ്. ഉള്ളിയുടെ ഗന്ധം അകറ്റാന്‍ ഇതും ഉപയോഗിക്കാം. കറുവപ്പട്ടയ്ക്ക് ശക്തമായ മണം ഉള്ളതിനാലും രൂക്ഷമായ ഗന്ധം ഇല്ലാതാക്കാന്‍ ഇവ നന്നായി പ്രവർത്തിക്കുന്നതുമാണ് ഇതിന് കാരണം. കൂടാതെ, കറുവപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് അണുക്കളെ നശിപ്പിക്കാനും സഹായിക്കും. ഇതിനായി പാത്രങ്ങളിൽ കുറച്ച് കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിക്കാം.

അഞ്ച്... 

കോഫിയും ഉള്ളിയുടെ ദുര്‍ഗന്ധം അകറ്റാൻ സഹായിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന നൈട്രജെൻ ആണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കുറച്ച് കാപ്പിപ്പൊടി വെള്ളത്തിൽ കലക്കി നിങ്ങളുടെ പാത്രത്തിൽ നിറയ്ക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയാം. 

Also Read: ഉയർന്ന കൊളസ്ട്രോളിനോട് വിട പറയാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player