വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. 

മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. 

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. 

വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...

ഒന്ന്...

റാഡിഷ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്. പൊട്ടാസ്യം കുറവുമായതിനാല്‍ റാഡിഷ് കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

കോളിഫ്ലവര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിന്‍ സി, കെ, ബി എന്നിവ അടങ്ങിയ കാബേജ് ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ സഹായിക്കും. 

നാല്...

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്. വിറ്റാമിൻ എ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് ക്യാരറ്റ്. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ക്യാരറ്റ് വൃക്കരോഗികള്‍ക്കും ഉത്തമമാണ്.

അഞ്ച്...

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

Also Read: ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാം...