Asianet News MalayalamAsianet News Malayalam

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കും വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

vegetables that regulate blood sugar
Author
First Published Nov 10, 2022, 6:31 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കും വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.... 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍,  നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്...

ബ്രൊക്കോളി ആണ് രണ്ടാമതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാല്‍  പ്രമേഹരോഗികള്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കലോറിയും കുറഞ്ഞ ബ്രൊക്കോളിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ  അളവ് ഉയരാതെ നില്‍ക്കും എന്നതുകൊണ്ടുതന്നെയാണ് പാവയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമെന്ന് പറയുന്നത്. പാവയ്ക്ക ജ്യൂസായി കുടിക്കുന്നതും ഗുണം ചെയ്യും. 

നാല്...

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയുടെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. അതുകൊണ്ട് തന്നെ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.

അഞ്ച്...

ബീറ്റ്റൂട്ട് ആണ് ഏറ്റവും ഒടുവിലായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, അയണ്‍,  സോഡിയം, പൊട്ടാസ്യം, എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. 

Also Read: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ ആറ് പാനീയങ്ങള്‍...

Follow Us:
Download App:
  • android
  • ios