Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചക്കറികള്‍. പോഷകങ്ങള്‍ അടങ്ങിയ ഇവ പെട്ടെന്ന് വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

vegetables to help weight loss azn
Author
First Published Mar 18, 2023, 8:18 PM IST

മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചക്കറികള്‍. പോഷകങ്ങള്‍ അടങ്ങിയ ഇവ പെട്ടെന്ന് വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം... 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ഇവ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഇലക്കറിയാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത്  വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും അടങ്ങിയതാണ് ചീര. 

രണ്ട്...

ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അര കപ്പ് ബ്രൊക്കോളിയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ കാര്യത്തിലെന്ന് മാത്രമല്ല, മറ്റ് ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രൊക്കോളി. വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

മൂന്ന്... 

ബീറ്റ്റൂട്ട് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. നിരവധി പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  അയേണ്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നതും ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

നാല്...

വെണ്ടയ്ക്ക ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. 

അഞ്ച്...

തക്കാളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്.  വിറ്റാമിന്‍ സിയും ഫൈറ്റോന്യൂട്രിയന്‍റസും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു  ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്. ഇത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഗ്രീന്‍ പീസ് ഉള്‍പ്പെടുത്താം. 

ഏഴ്...

ക്യാരറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ വിറ്റാമിന്‍ എയും അടങ്ങിയ ഇവ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Also Read:  ശ്വാസകോശ ക്യാന്‍സര്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios