വെജിറ്റേറിയനായ ആളുകളെ നോണ്‍- വെജിറ്റേറിയന്‍ ഭക്ഷണം കഴിപ്പിക്കുന്നത് മുമ്പും പലയിടത്തും വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതായി നമ്മള്‍ പല റിപ്പോര്‍ട്ടുകളിലും കണ്ടുകാണും. സമാനമായ ഒരുസംഭവമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ, മദ്യലഹരിയിലായിരുന്ന തന്നെ ചിക്കന്‍ നഗ്ഗെറ്റ്‌സ് കഴിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

നാല് വയസ് മുതല്‍ ഇറച്ചി കഴിത്താത്തയാളാണ് താനെന്നും, അതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. മദ്യലഹരിയിലായിരുന്നുവെങ്കിലും നഗ്ഗെറ്റ്‌സ് കഴിക്കാന്‍ കയ്യിലെടുത്തപ്പോള്‍ ഇറച്ചിയല്ലല്ലോയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അല്ല, ധൈര്യമായി കഴിച്ചോളൂ എന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ തന്നെ പറ്റിക്കുന്നതിന് മുന്നോടിയായ സുഹൃത്തുക്കളെടുത്ത വീഡിയോ പിറ്റേന്ന് താന്‍ കാണാനിടയായി. അതില്‍ തന്നെ പറ്റിക്കാന്‍ പോകുന്നുവെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. 

തുര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും, വൈകാതെ നടപടിയുണ്ടാകുമെന്നും പെണ്‍കുട്ടി വാദിക്കുന്നു.