Asianet News MalayalamAsianet News Malayalam

'വെജിറ്റേറിയന്‍സ്' സൂക്ഷിക്കുക; പഠനം പറയുന്നതിങ്ങനെ...

18 വര്‍ഷം നീണ്ട പഠനത്തിനായി 48,000ത്തിലധികം ആളുകളെയാണ് ഗവേഷകസംഘം കണ്ടെത്തിയത്. പഠനം ആരംഭിക്കുമ്പോള്‍ ആര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലായിരുന്നു. പഠനം പുരോഗമിക്കും തോറും ഇവരില്‍ എത്രപേരുടെ ഹൃദയാരോഗ്യത്തിന് കോട്ടമേല്‍ക്കുന്നുണ്ടെന്ന് സംഘം പരിശോധിച്ചുവന്നു

vegetarians at higher risk of stroke says a study
Author
USA, First Published Sep 5, 2019, 10:21 PM IST

നമ്മള്‍ കഴിക്കുന്ന ഭക്ഷണം എത്തരത്തിലുള്ളതാണോ അതിന് അനുസരിച്ചാണ് നമ്മുടെ ആരോഗ്യാവസ്ഥ രൂപപ്പെടുന്നത്. ആരോഗ്യാവസ്ഥ മാത്രമല്ല, അസുഖങ്ങളും ഏറെക്കുറെ ഭക്ഷണക്രമത്തിന് അനുസരിച്ച് തന്നെയാണ് പിടിപെടുന്നത്. 

പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരിലും മീനും ഇറച്ചിയും കഴിക്കുന്നവരിലുമെല്ലാം ശാരീരികമായ മാറ്റങ്ങളും അവശതകളുമെല്ലാം വ്യത്യസ്തമായിരിക്കുന്നത് ഇതിനാലാണ്. പലപ്പോഴും ഈ വ്യത്യാസങ്ങള്‍ നമുക്ക് മനസിലാകുന്നില്ലെന്ന് മാത്രം. 

എന്നാല്‍ ഇതെക്കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ വിശദമായൊരു പഠനം നടത്തി. ഹൃദയസംബന്ധമായ അസുഖങ്ങളായിരുന്നു അവരുടെ പ്രധാനവിഷയം. 18 വര്‍ഷം നീണ്ട പഠനത്തിനായി 48,000ത്തിലധികം ആളുകളെയാണ് സംഘം കണ്ടെത്തിയത്. പഠനം ആരംഭിക്കുമ്പോള്‍ ആര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലായിരുന്നു.

പഠനം പുരോഗമിക്കും തോറും ഇവരില്‍ എത്രപേരുടെ ഹൃദയാരോഗ്യത്തിന് കോട്ടമേല്‍ക്കുന്നുണ്ടെന്ന് സംഘം പരിശോധിച്ചുവന്നു. പഠനം അവസാനിപ്പിക്കുമ്പോള്‍ ഇവരില്‍ 2,820 പേര്‍ക്ക് ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളും 1.072 പേര്‍ക്ക് പക്ഷാഘാതവും വന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ഇറച്ചി കഴിക്കുന്നവരെ അപേക്ഷിച്ച് മീന്‍ കഴിക്കുന്നവരിലാണ് കൂടുതല്‍ ഹൃദയാരോഗ്യമുണ്ടാവുകയെന്ന് കണ്ടെത്തി. പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്. 

മറ്റൊന്നുമല്ല, പക്ഷാഘാതത്തിനുള്ള സാധ്യതയാണത്രേ വെജിറ്റേറിയന്‍സില്‍ കൂടുതലായി കാണുന്നത്. ഇത് മറ്റ് രണ്ട് വിഭാഗങ്ങളെ സംബന്ധിച്ചും ഉയര്‍ന്ന തോതിലാണ് നില്‍ക്കുന്നതെന്നും പഠനം പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സാധ്യത നിലനില്‍ക്കുന്നത് എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങളാവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios