വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ 'സ്റ്റാര്‍' പദവിയിലെത്തിയ നടനാണ് വിക്കി കൗശല്‍. 2018-10 വര്‍ഷങ്ങള്‍ വിക്കിക്ക് ഏറെ ഭാഗ്യങ്ങള്‍ സമ്മാനിച്ചിരുന്നു. 'റാസി', 'ലസ്റ്റ് സ്റ്റോറീസ്', 'സഞ്ജു', 'മന്‍മര്‍സിയാന്‍', 'ഉറി' എന്നീ ചിത്രങ്ങളുടെ വിജയം വിക്കിക്ക് നടനെന്ന നിലയില്‍ വലിയ നേട്ടങ്ങളാണ് നല്‍കിയത്. അതുപോലെ 2020ഉം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവനടന്‍. 

കരിയറിലെ ആദ്യ 'ഹൊറര്‍' ചിത്രം തിയേറ്ററുകളിലെത്തുന്നതും കാത്ത് അക്ഷമനായി തുടരുകയാണ് വിക്കിയിപ്പോള്‍. 'ഭൂത് പാര്‍ട്ട് വണ്‍ ദ ഹോണ്ടഡ് ഷിപ്പ്' എന്നാണ് ഈ ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതിന്റെ ടീസര്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

എന്തായാലും ഇതിന് പിന്നാലെ വിക്കി, തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചത്. 'രാവിലെ ബ്രേക്ക്ഫാസിറ്റിന് കഴിക്കാന്‍ ഭൂതമായിരുന്നു' എന്ന കുറിപ്പോടെ അല്‍പം വിചിത്രമായ ഒരു ചിത്രമാണ് വിക്കി പങ്കുവച്ചിരുന്നത്. 

 

 

ചുവപ്പും മഞ്ഞയും കാവിയും പച്ചയും നിറങ്ങള്‍ കലര്‍ന്ന എന്തെല്ലാമോ കാണാം ചിത്രത്തില്‍. മുകളില്‍ 'ഭൂത്' എന്ന് എഴുതിയിട്ടുമുണ്ട്. ഒറ്റനോട്ടത്തില്‍ എന്താണ് സംഗതിയെന്ന് മനസിലാകില്ല. പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ ഇത് പച്ചക്കറിയും ഫ്രൂട്ട്‌സുകളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സലാഡ് ആണെന്ന് മനസിലാകും.

സ്‌ട്രോബെറി, വിവിധയിനം സീഡുകള്‍, സോസ് എന്നിവ കൊണ്ടെല്ലാം അലങ്കരിച്ച 'റിച്ച് സലാഡ്' ആണിത്. സാധാരണഗതിയില്‍ പച്ചക്കറികളും ഇത്തരം സലാഡുകളില്‍ ചേര്‍ക്കും. ഡയറ്റ് പിന്തുടരുന്നവരെ സംബന്ധിച്ച്, ഇത് ഏറ്റവും ഉത്തമമായ 'ബ്രേക്ക്ഫാസ്റ്റ്' തന്നെയാണ്. 

ഏതായാലും പുതിയ ചിത്രത്തിന്റെ പേര് വച്ച് കലക്കനൊരു 'പ്രമോഷന്‍' നടത്തിയത് വിജയിച്ചുവെന്ന് പറയാം. എന്താണ് സംഗതി എന്നറിയാന്‍ ഇതൊരു തവണയെങ്കിലും നോക്കാത്ത ഫോളോവേഴ്‌സ് വിക്കിയുടെ ഇന്‍സ്റ്റ പേജില്‍ കാണാന്‍ സാധ്യതയില്ല.