ഓരോ രാജ്യങ്ങളിലേയും ഭക്ഷണരീതികളും ഭക്ഷണത്തെച്ചുറ്റിപ്പറ്റിയുള്ള സംസ്‌കാരവും വിശ്വാസവുമെല്ലാം വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഒരുപക്ഷേ നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത തരത്തില്‍ വിചിത്രമായിരിക്കുന്ന ഭക്ഷണരീതികള്‍ ലോകത്ത് പലയിടങ്ങളിലും സാധാരണമാണ്. പട്ടിയോ, പാമ്പോ, എലിയോ, വവ്വാലോ, പുഴുക്കളോ ഒക്കെ രുചിയോടെ നുണഞ്ഞ് കഴിക്കുന്ന മനുഷ്യരുടേത് കൂടിയാണ് ലോകം.

ഇവിടെയിതാ ഒരു എലിയെ കഴിക്കുന്ന മനുഷ്യന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതും പാകം ചെയ്ത എലിയിറച്ചിയല്ല, ജീവനോടെയുള്ള കുഞ്ഞ് എലിയാണ് വിഭവം. കേള്‍ക്കുമ്പോള്‍ നമ്മളെ സംബന്ധിച്ച് അല്‍പം കടന്ന കൈ ആണ് സംഭവം. 

എന്നാല്‍ വീഡിയോയില്‍ കാണുന്ന അജ്ഞാതനായ മനുഷ്യന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. തക്കാളിക്കഷ്ണങ്ങളെല്ലാം വച്ച് അലങ്കരിച്ച പ്ലേറ്റില്‍ നിന്ന് പാതിജീവനുള്ള എലിക്കുഞ്ഞിനെ എടുത്ത് സ്റ്റൈലായി സോസില്‍ മുക്കുന്നു. നേരെ വായില്‍ വച്ച് രുചിയോടെ കഴിക്കുന്നു. സംഭവം എവിടെ നടന്നതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ വീഡിയോയില്‍, കഴിക്കുന്നയാള്‍ ചൈനീസ് ഭാഷ പറയുന്നതിനാല്‍ സംഗതി ചൈനയിലാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

ചൈനയിലാണെങ്കില്‍ മൃഗങ്ങളില്‍ നിന്ന് പടര്‍ന്നുപിടിച്ച മാരകമായ 'കൊറോണവൈറസ്' ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. 41 പേരാണ് ഇതിനോടകം വൈറസ് ബാധയില്‍ മരിച്ചത്. ആയിരത്തിലധികം പേര്‍ ചികിത്സയില്‍ തുടരുന്നു. ഇത്തരമൊരു പരിസ്ഥിതിയില്‍ ഇങ്ങനെയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്ന് നേരത്തേ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ശേഷം വവ്വാലിനെ കഴിക്കുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ജീവനുള്ള എലിയെ തിന്നുന്നയാളുടെ വീഡിയോ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

വീഡിയോ കാണാം...