രണ്ട് വര്‍ഷം മുന്‍പുവരെയും നോണ്‍വെജായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. എന്നാല്‍ ഇപ്പോള്‍ താരം  പൂര്‍ണമായും വെജിറ്റേറിയനാണ്. ചിക്കനും മട്ടണുമൊക്കെ നന്നായി കഴിച്ചിരുന്ന കോലി വെജിറ്റേറിയന്‍ ആയതിനു പിന്നില്‍ ചില ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറയുന്നു. 

അമ്മയുടെ മട്ടണ്‍ ബിരിയാണിയും ചിക്കന്‍ വിഭവങ്ങളുമൊക്കെ പ്രിയമായിരുന്ന കോലി ഇന്ന് പൂര്‍ണമായും നോണ്‍വെജിനോട് ഗുഡ്‌ബൈ പറഞ്ഞ് പകരം പ്രോട്ടീന്‍ ഷേക്കുകളും പച്ചക്കറികളും സോയയുമൊക്കെയാണ് കഴിക്കുന്നത്. മുട്ടയും പാലുല്‍പന്നങ്ങളും വരെ താരം ഒഴിവാക്കി. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് കോലിയുടെ ഈ ഡയറ്റ് പ്ലാന്‍. താരം മുടങ്ങാതെ ജിമ്മിലും പോകാറുണ്ട്. 

ഒരുനേരം അമിതമായി കഴിക്കുന്നത് മാറ്റി ഇപ്പോള്‍  പല സമയങ്ങളായി കുറച്ച് കുറച്ച് കഴിക്കുന്ന രീതിയിലേക്ക് കോലി മാറിയിരിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടും പപ്പായയും തണ്ണിമത്തനുമാണ് പഴങ്ങളില്‍ പ്രിയം.  ഗ്രീന്‍ ടീ ദിവസവും താന്‍ കുടിക്കുമെന്നും കോലി പറയുന്നു. 'പണ്ട് ജിമ്മില്‍ പോകുന്ന ശീലമുണ്ടായിരുന്നില്ല. ഇപ്പോള്‍ നന്നായി കഴിച്ചാലും അത് വര്‍ക്കൗട്ട് ചെയ്ത് കലോറി കരിച്ചു കളയാമെന്ന ധൈര്യമുണ്ട്.'- കോലി പറയുന്നു.