വേനല്‍ക്കാലമായതോടെ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള പഴമേതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ ഉത്തരം പറയാം, തണ്ണിമത്തന്‍. ഇത് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. കൊടും ചൂടത്ത്, അകത്ത് അല്‍പം തണുപ്പ് പകരാന്‍ ഒരു കഷ്ണം തണ്ണിമത്തന്‍ കഴിക്കാന്‍ താത്പര്യപ്പെടാത്തവരുണ്ടാകുമോ?

എന്നാല്‍ ചൂടിനെ അകറ്റാന്‍ മാത്രമല്ല തണ്ണിമത്തന്‍ ഉപകാരപ്പെടുന്നത്. ഇതിന്റെ മറ്റൊരു കിടിലന്‍ ഗുണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം ആരോഗ്യവിദഗ്ധര്‍. 'അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച ലേഖനം വന്നിരിക്കുന്നത്. 

തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇത് ശാസ്ത്രീയമായി വിശദീകരിക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന 'L-citrulline', 'L-arginine' എന്നീ ഘടകങ്ങളാണത്രേ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാകുന്നത്. 

അതേസമയം രക്തസമ്മര്‍ദ്ദത്തോടൊപ്പം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഭക്ഷണത്തിലൂടെ മാത്രം ബിപി നിയന്ത്രിക്കുകയെന്നത് സാധ്യമല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും കൃത്യമായ ഭക്ഷണക്രമം ഒരു പരിധി വരെയെങ്കിലും രക്തസമ്മര്‍ദ്ദത്തെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.