രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.  ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. വിളർച്ചയുള്ളവരിൽ കടുത്ത ക്ഷീണം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്. 

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

രണ്ട്...

 ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 - 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും,  19 - 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. 

നാല്...

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം.  വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം.  മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. 

അഞ്ച്...

അന്നജം, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്. 

ആറ്...‌

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. ഇന്ന് വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാൻ ചീര വളരെ നല്ലതാണ്.