കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്.  വൈറ്റ് റൈസ്  അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. 

മൂന്ന് നേരവും ചോറ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. വൈറ്റ് റൈസ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകുമെന്ന് ഭയന്ന് ചിലര്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ് ഒഴിവാക്കുന്നത് നല്ലതാണോ? 

ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ്/ അരിയാഹാരം ഒഴിവാക്കിയാല്‍ നിങ്ങളുടെ ശരീരത്തിന് എന്തുസംഭവിക്കും? തീര്‍ച്ചയായും ഭാരം കുറയും എന്നത് ശരിയാണെന്നാണ് ഡയറ്റീഷ്യനായ റിയ ദേശായി പറയുന്നത്. എന്നിരുന്നാലും അരിയാഹാരം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആ മാസത്തേയ്ക്ക് മാത്രമാണ് കുറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'ഒരാൾ വീണ്ടും ചോറ് കഴിക്കാൻ തുടങ്ങിയാൽ, ഗ്ലൂക്കോസിന്റെ അളവ് വീണ്ടും ചാഞ്ചാടാൻ തുടങ്ങും'- റിയ പറഞ്ഞു. 

ശരിയായ രീതിയിൽ ചെറിയ അളവില്‍ ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും സംഭവിക്കില്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫൈബർ കഴിക്കുന്നത് കുറയുന്നതിനാൽ ദഹനത്തെയും ബാധിക്കാം. കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമായതിനാൽ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. അരിയോടൊപ്പം കുറച്ച് പച്ചക്കറികളും പ്രോട്ടീനും ചേർത്ത് കഴിക്കുന്നത് ഭാരം കൂടാതിരിക്കാന്‍ സഹായിച്ചേക്കാം എന്നും റിയ പറയുന്നു. 'ഊർജ്ജ ഉൽപാദനത്തിന് കാർബോഹൈഡ്രേറ്റുകൾ വളരെ അത്യാവശ്യമാണ്. അവ പൂർണമായും ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ ദുർബലനാക്കുക മാത്രമല്ല, ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു'- അവര്‍ വിശദീകരിച്ചു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ കഴിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player