ഉണക്ക മുന്തിരി ചെറുതാണെങ്കിലും ​ഗുണങ്ങളിൽ ഏറെ മുന്നിലാണ്. ദിവസവും രണ്ടോ മൂന്നോ ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. 

ഒന്ന്....

ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. 

രണ്ട്...

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഭാരം കൂട്ടാൻ സഹായിക്കുന്ന ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  

മൂന്ന്...

ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയില്‍ നല്ല അളവില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായകമാണ്. 

നാല്...

സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, ഹൃദ്രോഗം എന്നിവ തടയുന്നതിനും ഇത് സഹായിക്കും. പനി സാധ്യത കുറയ്ക്കുന്നതിനും ബാക്ടീരിയകളെ കൊല്ലുന്നതിനും ഇത് സഹായിക്കും.ഉണക്കമുന്തിരി കഴിക്കുന്നത് ജലദോഷത്തില്‍ നിന്നും മറ്റ് അണുബാധകളില്‍ നിന്നുമുള്ള സംരക്ഷണം നല്‍കും. 

അഞ്ച്...

ഉണക്കമുന്തിരി ഉപഭോഗം ലൈംഗിക ജീവിതം സുഗമമാക്കും. ഇതലടങ്ങിയിരിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് ഉത്തേജനം നല്‍കുന്നതാണ്. പുരുഷന്‍മാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത്. 

ആറ്...

കാഴ്ചശക്തി ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. കാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും പേശികളുടെ അപചയത്തിനും തിമിരത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം കുറച്ച്‌ ഈ ആന്റി ഓക്സിഡന്റുകള്‍ കണ്ണുകളെ സംരക്ഷിക്കും. കൂടാതെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, എ-കരോട്ടിനോയ്ഡ് എന്നിവ അടങ്ങിയിരിക്കുന്നതും കണ്ണുകള്‍ക്ക് ഗുണം ചെയ്യും.