കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്ന് പഠനം. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടിയ അളവിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ള (poultry) വൈറ്റ് മീറ്റ് കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ നില കൂട്ടുമെന്ന് പഠനത്തിൽ പറയുന്നു.

റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു. 21 നും 65 നും ഇടയിൽ പ്രായമുള്ള 100 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മൂന്നു വ്യത്യസ്ത ഡയറ്റുകളാണ് ഇവർക്ക് നിർദേശിച്ചത്. 4 ആഴ്ച നീളുന്ന ഓരോ ഡയറ്റിനു ശേഷവും ഒരു ‘വാഷ് ഔട്ട്’ പീരിയഡും ഉണ്ടായിരുന്നു. ഈ സമയം അവർക്ക് സാധാരണ ഭക്ഷണം കഴിക്കാം. 

ആദ്യ ഡയറ്റ് പ്രധാനമായും ബീഫ് ഉൾപ്പെട്ട റെഡ് മീറ്റ് ഡയറ്റായിരുന്നു. വൈറ്റ് മീറ്റ് ഡയറ്റിൽ കോഴിയിറച്ചി (Chicken), ടർക്കി ഇവ ഉൾപ്പെട്ടിരുന്നു. മൂന്നാമത്തെ നോൺ മീറ്റ് പ്രോട്ടീൻ ഡയറ്റിൽ പയർവർഗങ്ങൾ, നട്സ്, ധാന്യങ്ങൾ, സോയ ഉൽപ്പന്നങ്ങൾ മുതലായവ ഉൾപ്പെട്ടിരുന്നു. പഠനത്തിനു മുൻപും ശേഷവും രക്തപരിശോധനയും നടത്തുകയും ചെയ്തിരുന്നു. സൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഗവേഷകരാണു പഠനം നടത്തിയത്. 

റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കൂടുന്നതായാണ് കാണാനായതെന്ന് ഹോങ് മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. ഏതാൻ യാൾവാക്ക് പറയുന്നു. ബീഫ്, തൊലിയോടു കൂടിയ പൗൾട്രി, ബട്ടർ, ക്രീം, ചീസ് ഇവയിലെല്ലാം പൂരിത കൊഴുപ്പുകൾ ഉണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.