വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സിട്രസ് പഴങ്ങള്‍. 

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് ഫ്രൂട്ട്‌സ് കഴിക്കുന്നത് ഇഷ്ടമാണോ? വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സിട്രസ് പഴങ്ങള്‍. പതിവായി സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

2. ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തുകയും ചുളിവുകൾ തടയുകയും ചെയ്യുന്നു. കൂടാതെ, ഈ പഴങ്ങളിലെ ആന്‍റി ഓക്‌സിഡന്‍റുകൾ അൾട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

3. ഹൃദയാരോഗ്യം

സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയുടെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. 

4. ദഹനം

സിട്രസ് പഴങ്ങളിലെ നാരുകൾ ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. ജലാംശം വർദ്ധിപ്പിക്കുന്നു

സിട്രസ് പഴങ്ങളിൽ ഉയർന്ന ജലാംശം ഉണ്ട്, ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുകയും നിര്‍ജ്ജലീകരണത്തെ തടയാനും ഗുണം ചെയ്യും. 

6. വൃക്കയില്‍ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു

സിട്രസ് പഴങ്ങളിലെ സിട്രിക് ആസിഡ് വൃക്കയില്‍ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

7. ശരീരഭാരം കുറയ്ക്കാൻ

സിട്രസ് പഴങ്ങൾ കുറഞ്ഞ കലോറിയുള്ളതും ഉയർന്ന നാരുകള്‍ ഉളളതുമാണ്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

8. വിളര്‍ച്ച

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രസ് പഴങ്ങള്‍ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിക്കാനും വിളർച്ചയുടെ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഡയറ്റില്‍ ഡാർക്ക് ചോക്ലേറ്റ് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

youtubevideo