കാലാവസ്ഥയും നമ്മുടെ ആരോഗ്യാവസ്ഥകളും തമ്മില്‍ ചെറുതല്ലാത്ത ബന്ധമുണ്ട്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങി ശരീരത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ തന്നെ കാലാവസ്ഥയുമായും കൂടി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 

ശരീരത്തിന്റെ താപനിലയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് ശരീരത്തിന്റെ ആവശ്യങ്ങളും മാറുന്നുണ്ട്. അങ്ങനെയെങ്കില്‍ മഞ്ഞുകാലത്ത്, തണുത്ത അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ എന്ത് മാറ്റമാണ് നമ്മളില്‍ സംഭവിക്കുന്നത്? 

ചിലരെങ്കിലും പറഞ്ഞുകേട്ടുകാണും, മഞ്ഞുകാലത്ത് വിശപ്പ് അധികമാണെന്ന്. അങ്ങനെ തോന്നിയിട്ടുണ്ടോ?

സംഗതി സത്യമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പക്ഷേ ഇതിനുള്ള കാരണമായി ഇവര്‍ വിശദീകരിക്കുന്നത് പലതാണ്. 

തണുപ്പ് അധികരിക്കുമ്പോള്‍ ശരീരത്തിന് അതിന്റെ ഊഷ്മാവ് ഉയര്‍ത്തേണ്ടതായി വരും. ഇതിനായി കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോട് കൂടുതല്‍ ആകര്‍ഷണം തോന്നാം. ഡിസെര്‍ട്ടുകളോടും മഞ്ഞുകാലത്ത് പ്രിയം തോന്നാം. 

ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന 'ഷുഗര്‍', 'സ്റ്റാര്‍ച്ച്' എന്നീ ഘടകങ്ങള്‍ ശരീരത്തെ അതിന്റെ ചൂട് തിരിച്ചെടുക്കാന്‍ സഹായിക്കുന്നു. മഞ്ഞുകാലത്താണെങ്കില്‍ ശാരീരികമായ അധ്വാനം ആളുകളില്‍ കുറവായിരിക്കുമത്രേ. അതിനാല്‍ പെട്ടെന്ന് ശരീരം മടി പിടിച്ച് തണുപ്പിനോട് മത്സരിക്കേണ്ടുന്ന അവസ്ഥയുമുണ്ടാകുന്നു. 

വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണം വിശദീകരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ. മഞ്ഞുകാലത്ത് തണുപ്പ് ഏറിയിരിക്കുന്നതിനാല്‍ നമ്മള്‍ ദാഹം തിരിച്ചറിയില്ലെന്നും അത്തരത്തില്‍ വെള്ളം കുടിക്കാതിരിക്കുമ്പോള്‍ ആ തളര്‍ച്ചയെ ആണ് വിശപ്പായി മനസിലാക്കുന്നതെന്നുമാണ് പൂജ മഖിജ വ്യക്തമാക്കുന്നത്. 

മഞ്ഞുകാലത്ത് ഭക്ഷണം അധികമാകാനും അതുവഴി വണ്ണം കൂടാനുമെല്ലാം സാധ്യത ഏറെയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ കൃത്യത സൂക്ഷിക്കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. അതുപോലെ ഡയറ്റിലെ പിഴവുകളും വീണ്ടും വിശപ്പനുഭവപ്പെടാന്‍ കാരണമായേക്കാം. ഇതുകൊണ്ടാണ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നതിന് പിന്നിലെ വസ്തുതയും.

Also Read:- കുട്ടികൾക്ക് വേണം നല്ല ഉറക്കം; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ...