Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ആരോഗ്യത്തിനായി വേണം ഈ പോഷകം...

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. 

Womens Health Manage your iron levels by following these tips azn
Author
First Published Oct 30, 2023, 9:32 PM IST

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്.  ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. സ്ത്രീകളിൽ, പലപ്പോഴും ഇരുമ്പിന്‍റെ കുറവു കാണപ്പെടാറുണ്ട്. പ്രത്യേകിച്ച്, ആർത്തവ സമയത്ത് സ്ത്രീകൾക്ക് രക്തത്തിലൂടെ ഇരുമ്പ് നഷ്ടപ്പെടാം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട ഒന്നാണ് ഇരുമ്പ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഇവ പ്രധാനമാണ്.  

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. 

ശരീരത്തില്‍ ഇരുമ്പിന്‍റെ അളവ് കുറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർധിപ്പിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ മാംസം, ചിക്കന്‍, കടൽമത്സ്യങ്ങള്‍, ബീൻസ്, പയർ, ചീര, ബ്രൊക്കോളി, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ധാന്യങ്ങൾ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉൾപ്പെടുത്തുക.

രണ്ട്...

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. ഉദാഹരണത്തിന്, ഇരുമ്പിനാല്‍ സമ്പുഷ്ടമായ സസ്യഭക്ഷണങ്ങൾക്കൊപ്പം പഴങ്ങൾ കഴിക്കുന്നത് അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ധാന്യങ്ങളിൽ സിട്രസ് ജ്യൂസ് ചേർക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ചായ, കാപ്പി, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ ചിലപ്പോഴൊക്കെ ഇരുമ്പിന്റെ ആഗിരണത്തെ തടഞ്ഞേക്കാം. ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതും നല്ലതാണ്. 

നാല്...

ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ചില സന്ദർഭങ്ങളിൽ, ഡോക്ടര്‍മാര്‍ അയേൺ സപ്ലിമെന്റുകൾ ശുപാർശ ചെയ്യപ്പെടാം, പ്രത്യേകിച്ച് ഗർഭകാലത്തത്ത്. എന്തെങ്കിലും സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്.

അഞ്ച്... 

വിറ്റാമിൻ ബി 12 ഉപഭോഗം വർധിപ്പിക്കുക. വിറ്റാമിൻ ബി 12 ഇരുമ്പ് ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനായി മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആറ്... 

കുടലിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. കാരണം അനാരോഗ്യകരമായ കുടൽ ഇരുമ്പിന്റെ ആഗിരണത്തെ മോശമായി ബാധിക്കാം. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് പ്രോബയോട്ടിക്സും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളുടെ ഡയറ്റില്‍ ഉൾപ്പെടുത്തുക.

ഏഴ്... 

ഇരുമ്പിന്‍റെ  അളവ് പതിവായി പരിശോധിക്കുക. എന്തെങ്കിലും കുറവുകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

Follow Us:
Download App:
  • android
  • ios