മധുരം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചായയില്‍ പഞ്ചസാര കൂടുതല്‍ ഇടുന്നവരും എപ്പോഴും മധുരപലഹാരങ്ങളും കഴിക്കുന്നവരുമൊക്കെ നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കിയാലുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും. ഭക്ഷണത്തില്‍  പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ ശരീരത്തിലടിയുന്നതും ഇതുമൂലം കുറയും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

രണ്ട്...

പഞ്ചസാര/ മധുര പലഹാരം എന്നിവ കഴിക്കുന്നത്  പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. മധുരം കഴിക്കുമ്പോള്‍ സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. ഇത് പ്രമേഹത്തിന് കാരണമാകുന്നു. അതിനാല്‍ ഭക്ഷണത്തില്‍ നിന്ന് മധുരമുളളവ ഒഴിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും പൊതുവേ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ശരീരഭാരം നിയന്തിക്കാന്‍ ഇതിലും നല്ലൊരു വഴി വെറേയില്ല. പഞ്ചസാര ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയും. അതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും. 

നാല്...

പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്. പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കിയവരുടെ ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയും ഉണ്ടാകുമത്രേ. 

അഞ്ച്...

ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് മനസ്സിന് സന്തോഷം ഉണ്ടാകാനും സഹായിക്കുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. 

ആറ്... 

മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുലാണ്. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ പഞ്ചസാരയ്ക്ക് ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണ്.