‘ഹെൽത്തി ഹൈ-ഫൈവ് ചലഞ്ച്’ എന്ന പേരിലുള്ള ഈ ക്യാംപെയിൻ വഴി ഉപഭോക്താക്കൾക്ക് നാല് ആരോഗ്യ ഭക്ഷണ ഓർഡറുകൾക്കുശേഷം ഒരു ആരോഗ്യകരമായ വിഭവം സൗജന്യമായി ലഭിക്കും.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരവും പ്രോട്ടീൻ സമൃദ്ധവുമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനായി പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പുതിയൊരു ക്യാംപയിൻ ആരംഭിച്ചു. ‘ഹെൽത്തി ഹൈ-ഫൈവ് ചലഞ്ച്’ എന്ന പേരിലുള്ള ഈ ക്യാംപെയിൻ വഴി ഉപഭോക്താക്കൾക്ക് നാല് ആരോഗ്യ ഭക്ഷണ ഓർഡറുകൾക്കുശേഷം ഒരു ആരോഗ്യകരമായ വിഭവം സൗജന്യമായി ലഭിക്കും.
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ആരോഗ്യകരമായ ഭക്ഷണം അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ പുതിയ സംരംഭം ശ്രദ്ധേയമാകുന്നത്. ഉപഭോക്താക്കൾക്ക് ദിനംപ്രതി ആവശ്യമായ പ്രോട്ടീൻ അളവ് എളുപ്പത്തിൽ കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ ചാലഞ്ചിന്റെ പ്രധാന ലക്ഷ്യം. സൊമാറ്റോ ആപ്പിലെ ‘ഹെൽത്തി മോഡ്’ വിഭാഗത്തിലൂടെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. 2026 ഫെബ്രുവരി 28 വരെ ഈ ചാലഞ്ച് തുടരും. നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ചെന്നൈ എന്നീ നഗരങ്ങളിലാണ് സൊമാറ്റോയുടെ ഹെൽത്തി മോഡ് സേവനം ലഭ്യമാകുന്നത്.
ചലഞ്ചിൽ പങ്കെടുക്കുന്നത് എങ്ങനെ?
ഉപഭോക്താക്കൾ ആദ്യം ആപ്പിൽ ഹെൽത്തി മോഡ് ഓൺ ചെയ്യണം. തുടർന്ന് ഇനി പറയുന്ന രണ്ട് നിബന്ധനകൾ പാലിക്കുന്ന ഭക്ഷണങ്ങൾ ഓർഡർ ചെയ്യേണ്ടതാണ്. ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ‘ഹൈ’ ഹെൽത്തി സ്കോർ ഉണ്ടായിരിക്കണം എന്നതാണ് ഒരു മാനദണ്ഡം. ഓരോ ഓർഡറിലും കുറഞ്ഞത് 20 ഗ്രാം പ്രോട്ടീൻ ഉൾക്കൊള്ളണം എന്നതാണ് രണ്ടാമത്തെ നിബന്ധന. ഇത്തരത്തിലുള്ള ഓരോ ഓർഡറിനും ഒരു ‘ഹൈ-ഫൈവ്’ ലഭിക്കും. നാല് ഹൈ-ഫൈവ് നേടിയാൽ, അഞ്ചാമത്തെ ആരോഗ്യകരമായ ഭക്ഷണം സൊമാറ്റോ സൗജന്യമായി നൽകും. സൗജന്യമായി ലഭിക്കുന്ന ഭക്ഷണവും സമാനമായ പോഷക മാനദണ്ഡങ്ങൾ പാലിക്കുന്ന ക്യൂറേറ്റഡ് മെനുവിൽ നിന്നായിരിക്കും തിരഞ്ഞെടുക്കാൻ കഴിയുക.
ഹെൽത്തി മോഡ് എന്താണ്?
സൊമാറ്റോയുടെ ഹെൽത്തി മോഡ് ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക വിഭാഗമാണ്. ഇവിടെ ലഭ്യമായ വിഭവങ്ങളിലെ പോഷക വിവരങ്ങൾ, ഘടകങ്ങൾ, ഹെൽത്തി സ്കോർ എന്നിവ വ്യക്തമായി കാണിക്കും. എഐ അധിഷ്ഠിതമായ വിലയിരുത്തലുകൾ വഴി പ്രോട്ടീൻ, ഫൈബർ, മൈക്രോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റ് അളവ് എന്നിവ കണക്കിലെടുത്താണ് ഹെൽത്തി സ്കോർ നിശ്ചയിക്കുന്നത്.
