ലണ്ടന്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തർക്ക് ജയം. ജർമനി, ഇറ്റലി, സ്‌പെയ്ൻ, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകൾ ജയം സ്വന്തമാക്കി. 

ജർമനി എതിരില്ലാത്ത ഒരു ഗോളിന് റൊമാനിയയെ തോൽപ്പിച്ചു. 16-ാം മിനിറ്റില്‍ സെർജി ഗ്നാബ്രിയായിലൂടെയായിരുന്നു ജർമനിയുടെ വിജയഗോള്‍. അതേസമയം ബള്‍ഗേറിയയെ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 43-ാം മിനിറ്റില്‍ ആന്ദ്രെ ബെലോട്ടിയും 82-ാം മിനിറ്റില്‍ മാനുവല്‍ ലോക്കാട്ടെല്ലിയും ഗോള്‍ നേടി. 

ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഐ യിൽ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നും അറുപത്തിമൂന്നാം മിനിറ്റിൽ മേസൺ മൗണ്ടുമാണ് ഗോളുകൾ നേടിയത്. ആദ്യ ഗോളിന് ലൂക് ഷോയും രണ്ടാം ഹോളിന് ഹാരി കെയ്നുമാണ് വഴിയൊരുക്കിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളിന് സാൻമാരിനോയെ തോൽപിച്ചിരുന്നു. 

മുൻ ചാമ്പ്യൻമാരായ സ്‌പെയ്ൻ ജോർജിയയെ തോൽപിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്ന സ്‌പെയ്‌നിന്റെ ജയം. ഇഞ്ചുറി ടൈം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ഡാനി ഓൽമോ നേടിയ ഗോളാണ് സ്‌പെയ്‌നെ രക്ഷിച്ചത്. നാൽപ്പത്തിമൂന്നാം മിനിറ്റിൽ സ്‌പെയ്‌ന്‍ ആദ്യം ഗോൾ വഴങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെർണാണ്ടോ ടോറസാണ് സ്‌പെയ്‌നെ ഒപ്പമെത്തിച്ചത്. 

അതേസമയം ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളിന് ഖസാകിസ്ഥാനെ തോൽപിച്ചു. ഉസ്‌മൻ ഡെംബലേയുടെ ഗോളിലൂടെ പത്തൊൻപതാം മിനിറ്റിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് മുന്നിലെത്തി. ആന്തണി മാർഷ്യാലായിരുന്നു ഗോളിന് വഴിയൊരുക്കിയത്. നാൽപ്പത്തിനാലാം മിനിറ്റിൽ സെർജിയ മാലിയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസിന്റെ ജയം പൂർത്തിയായി. മത്സരത്തിനിടെ ആന്തണി മാർഷ്യാലിന് പരിക്കേറ്റത് ഫ്രാൻസിന് തിരിച്ചടിയായി. 

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം