Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം

ഇംഗ്ലണ്ടിന് മേല്‍ വെന്നിക്കൊടി പാറിച്ച് ടീം ഇന്ത്യ. ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം. 

England tour of India 2021 Team India Won Odi Series
Author
Pune, First Published Mar 28, 2021, 10:23 PM IST

പുനെ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിനും ടി20ക്കും പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. അവസാന ഓവര്‍ ത്രില്ലറിലേക്ക് നീണ്ട മൂന്നാം ഏകദിനത്തില്‍ ഏഴ് റണ്‍സിന് വിജയിച്ചതോടെ പരമ്പര 2-1ന് ഇന്ത്യയുടെ സ്വന്തമായി. ഇന്ത്യ മുന്നോട്ടുവെച്ച 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സേ നേടാനായുള്ളൂ. എട്ടാമനായിറങ്ങിയ സാം കറന്‍റെ അവിശ്വസനീയ പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യയുടെ മിന്നും വിജയം. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍-ക്രുനാല്‍ പാണഡ്യ കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ വീണതാണ് 350 റണ്‍സിലേക്കെത്തേണ്ട സ്‌കോര്‍ 329ല്‍ ഒതുക്കിയത്. 

സ്വപ്‌ന തുടക്കം

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി. 15-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

പിന്നെ കഥമാറി! റഷീദ് മാറ്റി

എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി. ഫുള്‍ ലെങ്ത് പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ചിപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന്‍(56 പന്തില്‍ 67) ഇടത്തോട്ട് പറന്ന റഷീദിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേറ്റു. 

മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ(10 പന്തില്‍ ഏഴ്) ഇടത്തേ സ്റ്റംപ് ഇളകി. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഇതോടെ 121/3ന് പ്രതിരോധത്തിലായി. നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തുടക്കത്തിലെ കടന്നാക്രമിച്ചപ്പോള്‍ മറുവശത്ത് സാവധാനം തുടങ്ങിയ കെ എല്‍ രാഹുല്‍(18 പന്തില്‍ 7) ലിവിംഗ്‌സ്റ്റണെതിരെ ഒറ്റകൈ കൊണ്ട് സ്വീപ്പിന് ശ്രമിച്ച്   വിക്കറ്റ് തുലച്ചു. 

തല്ലി പതംവരുത്തി പന്തും പാണ്ഡ്യയും

എന്നാല്‍ വിക്കറ്റ് നഷ്‌ടത്തിന്‍റെ ആലസ്യമില്ലാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കത്തിക്കയറിയതോടെ ഇന്ത്യ കരുത്തോടെ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് ഇരുവരും ചേര്‍ത്തു. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കേ പന്തിനെ ലിവിംഗ്‌സ്റ്റണ്‍ വിട്ടുകളഞ്ഞിരുന്നു. 30 ഓവറില്‍ 200 പിന്നിട്ടതോടെ വമ്പന്‍ സ്‌കോറായി ലക്ഷ്യമെന്ന് വ്യക്തമായി. 44 പന്തില്‍ അമ്പത് തികച്ച് റിഷഭും 36 പന്തില്‍ ഫിഫ്റ്റിയുമായി ഹര്‍ദിക്കും മുന്നേറി. 

എന്നാല്‍ റിഷഭിന് 36-ാം ഓവറിലെ അവസാന പന്തില്‍ സാം കറന്‍ കെണിയൊരുക്കി. 62 പന്തില്‍ 78 റണ്‍സെടുത്ത് താരം വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ കൈകളില്‍. പരമ്പരയില്‍ ഒരിക്കല്‍ കൂടി ബ്രേക്ക്‌ത്രൂ ബൗളറായി മാറിയ സ്റ്റോക്‌സ് 39-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ദിക്കിനെ(44 പന്തില്‍ 64) ബൗള്‍ഡാക്കി. ഇതോടെ ടീം ഇന്ത്യ 276-6. ഇരുവരും നാല് വീതം സിക്‌സറുകളും അഞ്ച് വീതം ബൗണ്ടറികളും നേടി. 

ബാറ്റിംഗിലും താക്കൂര്‍ ടച്ച്

സ്റ്റോക്‌സിന്‍റെ പന്തില്‍ 43-ാം ഓവറില്‍ 11ല്‍ നില്‍ക്കേ ക്രുനാലിനെ റഷീദ് വിട്ടുകളഞ്ഞത് ഇന്ത്യക്ക് അനുഗ്രഹമായി. ഇതോടെ ഷാര്‍ദുല്‍ താക്കൂറും ക്രുനാല്‍ പാണ്ഡ്യയും 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. എന്നാല്‍ വുഡ് 46-ാം ഓവറില്‍ താക്കൂറിനെ(21 പന്തില്‍ 30) ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. ഇരുവരും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 45 റണ്‍സ് നിര്‍ണായകമായെങ്കിലും അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ ഇന്ത്യ വലിച്ചെറിഞ്ഞു. 

48-ാം ഓവറിലെ രണ്ടാം പന്തില്‍ ക്രുനാലിനെയും(34 പന്തില്‍ 25) അവസാന പന്തില്‍ പ്രസിദ്ധിനെയും(0) വുഡ് പറഞ്ഞയച്ചു. ക്രുനാലിനെ റോയ് ക്യാച്ചില്‍ മടക്കിയപ്പോള്‍ പ്രസിദ്ധ് ബൗള്‍ഡാവുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ടോപ്ലി, ഭുവിയെ(3) സാം കറന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ഓള്‍റൗട്ടാവുകയായിരുന്നു. ടി നടരാജന്‍(0) പുറത്താകാതെ നിന്നു. 

ഇംഗ്ലീഷ് മുന്‍നിരയുടെ കാര്യം നോക്കി ഭുവി

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിപതറി. ഭുവനേശ്വറിന്‍റെ ആദ്യ പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയാണ് റോയ് തുടങ്ങിയത്. അഞ്ചാം പന്തിലും ഫോര്‍ പിറന്നു. എന്നാല്‍ അവസാന പന്തില്‍ റോയിയെ ബൗള്‍ഡാക്കി ഭുവി തിരിച്ചടിച്ചു. ബാറ്റിനും പാഡിനും ഇടയിലെ വിടവിലൂടെ തുളച്ചുകയറിയ പന്ത് ഓഫ് സ്റ്റംപിന്‍റെ ബെയ്‌ല്‍സ് കവരുകയായിരുന്നു. ആറ് പന്തില്‍ 14 റണ്‍സാണ് റോയ്‌യുടെ നേട്ടം. 

മൂന്നാം ഓവറില്‍ ഭുവി തിരിച്ചെത്തിയപ്പോളും ഇംഗ്ലണ്ട് വിറച്ചു. അവസാന പന്തില്‍ ഫ്ലിക്കിന് ശ്രമിച്ച ജോണി ബെയര്‍സ്റ്റോ എല്‍ബിയില്‍ കുടുങ്ങി. നാല് പന്തില്‍ ഒരു റണ്ണേ ബെയര്‍സ്റ്റോ നേടിയുള്ളൂ. ഇതോടെ 28 റണ്‍സിനിടെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മടങ്ങി. മൂന്നാമനായെത്തി നന്നായി തുടങ്ങിയ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും നടരാജന്‍റെ ഫുള്‍ടോസ് വഴിമുടക്കി. 39 പന്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കേ ധവാന്‍റെ കൈകളില്‍. 

മധ്യനിരയുടെ താക്കൂറും

ഇംഗ്ലീഷ് മുന്‍നിരയെ ഭുവിയും നട്ടുവുമാണ് വരിഞ്ഞുമുറുക്കിയതെങ്കിലും മധ്യനിരയുടെ നട്ടെല്ല് താക്കൂര്‍ പിഴുതു. നായകന്‍ ജോസ് ബട്ട്‌ലര്‍ക്കെതിരെ 16-ാം ഓവറില്‍ താക്കൂറിന്‍റെ ആദ്യ പന്തില്‍ റിവ്യൂ എടുത്ത കോലിയുടെ തീരുമാനം മത്സരഫലം മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. എല്‍ബിയായി മടങ്ങുമ്പോള്‍ 15 റണ്‍സേ ബട്ട്‌ലര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഡേവിഡ് മലാന്‍-ലയാം ലിവിംഗ്‌സ്റ്റണ്‍ കൂട്ടുകെട്ട് 23-ാം ഓവറില്‍ ഇംഗ്ലണ്ടിനെ 150 കടത്തി. 

വീണ്ടും താക്കൂര്‍ മത്സരം ഇന്ത്യയുടെ വഴിയേ എത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ലിവിംഗ്‌സ്റ്റണ്‍(31 പന്തില്‍ 36) താക്കൂറിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് അതീവ പ്രതിസന്ധിയിലായെങ്കിലും മലാന്‍ താക്കൂറിനെ ബൗണ്ടറിയിലെത്തിച്ച് 48 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ ഇതേ ഓവറില്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ മലാനെ രോഹിത് ക്യാച്ചില്‍ പുറത്താക്കി. 50 പന്തില്‍ 50 റണ്‍സാണ് മലാന്‍ നേടിയത്. 

അലിയോടെ അലിയാതെ, കറന്‍ കസറി

ഏഴാമനായി ക്രീസിലെത്തിയ മൊയീന്‍ അലി ഇംഗ്ലണ്ടിനെ 200ല്‍ എത്തിച്ചു. 31-ാം ഓവറില്‍ ഭുവിയുടെ പന്തില്‍ ഹര്‍ദിക്കിന്‍റെ ഡൈവിംഗ് ക്യാച്ചില്‍ അലി(25 പന്തില്‍ 29) മടങ്ങിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് തോന്നിച്ചു. എന്നാല്‍ സാം കറന്‍ ഇന്ത്യക്ക് വലിയ തലവേദനായി. ആദില്‍ റഷീദിനൊപ്പം 57 റണ്‍സ് കൂട്ടുകെട്ട് കറനുണ്ടാക്കി. ഈ കൂട്ടുകെട്ട് പൊളിക്കാനും ഇന്ത്യക്ക് താക്കൂറിന്‍റെ സഹായം വേണ്ടിവന്നു. 

താക്കൂര്‍ എറിഞ്ഞ 40-ാം ഓവറിലെ രണ്ടാംപന്തില്‍ ഷോര്‍ട് കവറില്‍ കോലിയുടെ പറക്കും ക്യാച്ചില്‍ റഷീദാണ്(22 പന്തില്‍ 19) മടങ്ങിയത്. ഈസമയം ഇംഗ്ലണ്ട് സ്‌കോര്‍-257-8. അടി തുടര്‍ന്ന സാം കറന്‍ 45 പന്തില്‍ കന്നി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നെക്കണ്ടത് അവിശ്വസനീയമായി കറന്‍ ഫിനിഷിംഗിന് അരികെയെത്തുന്നതാണ്. ഒന്‍പതാം വിക്കറ്റില്‍ വുഡിനെ ചേര്‍ത്തുനിര്‍ത്തി സാം മത്സരം തട്ടിയെടുക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍.

വിധിയെഴുതി അവസാന ഓവര്‍ ത്രില്ലര്‍

വുഡിനെ താക്കൂറും കറനെ നടരാജനും 49-ാം ഓവറില്‍ വിട്ടുകളഞ്ഞത് ത്രില്ല് കൂട്ടി. നടരാജന്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സാണ് ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വുഡ് റണ്ണൗട്ടായതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് കുറഞ്ഞു. ഹര്‍ദിക്കിന്‍റെ ത്രോയില്‍ റിഷഭ് ബെയ്‌ല്‍സ് തെറിപ്പിക്കുകയായിരുന്നു. 21 പന്തില്‍ 14 റണ്‍സാണ് വുഡിന്‍റെ നേട്ടം. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും 60 റണ്‍സ് ചേര്‍ത്തു. പിന്നെയുള്ള പന്തുകളില്‍ നട്ടു നായകന്‍റെ വിശ്വാസം കാത്തു. 

ഒടുവില്‍ ജയത്തിന് ഏഴ് റണ്ണകലെ കറന്‍ അടിയറവു പറഞ്ഞു. മത്സരവും പരമ്പരയും ഇന്ത്യ സ്വന്തമാക്കുമ്പോള്‍ സാം കറന്‍ 83 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഷാര്‍ദുല്‍ നാലും ഭുവനേശ്വര്‍ മൂന്നും വിക്കറ്റ് സ്വന്തമാക്കി. 

Follow Us:
Download App:
  • android
  • ios