ലാ പാസിലെ ശ്വാസംമുട്ടുന്ന ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ നെയ്‌മർ ജൂനിയറും വിനീഷ്യസ് ജൂനിയറും ഇല്ലാതെയാണ് ബ്രസീൽ ബൊളീവിയയെ നേരിടുക

ലാ പാസ്: ലോകകപ്പ് ഫുട്ബോൾ (2022 FIFA World Cup) യോഗ്യതാ റൗണ്ടിൽ അർജന്‍റീനയും ബ്രസീലും നാളെയിറങ്ങും. പുലർച്ചെ അഞ്ചിനാണ് കളി തുടങ്ങുക. ലോകകപ്പിന് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബ്രസീലിന് ബൊളീവിയയും (Bolivia vs Brazil) അർജന്‍റീനയ്ക്ക് ഇക്വഡോറുമാണ് (Ecuador vs Argentina) എതിരാളികൾ. 

ലാ പാസിലെ ശ്വാസംമുട്ടുന്ന ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ നെയ്‌മർ ജൂനിയറും വിനീഷ്യസ് ജൂനിയറും ഇല്ലാതെയാണ് ബ്രസീൽ ബൊളീവിയയെ നേരിടുക. സമുദ്രനിരപ്പിൽ നിന്ന് 3637 മീറ്റർ ഉയരത്തിലാണ് മത്സരം നടക്കുന്നത്. അവസാന മത്സരത്തിൽ ചിലിയെ തോൽപിച്ച ഇലവനിൽ കാര്യമായ മാറ്റം വരുത്തിയാവും കോച്ച് ടിറ്റെ ബ്രസീലിനെ അണിനിരത്തുക. ഡാനിലോ, തിയാഗോ സിൽവ, അരാന, കാസിമിറോ, ഫ്രഡ്, നെയ്‌മർ, വിനീഷ്യസ് എന്നിവർക്ക് പകരം ഡാനി ആൽവസ്, എഡർ മിലിറ്റാവോ, അലക്സ് ടെല്ലസ്, ഫാബീഞ്ഞോ, ബ്രൂണോ ഗുമെറെയ്‌സ്, ഫിലിപെ കുടീഞ്ഞോ, റിച്ചാർലിസൺ എന്നിവർ ടീമിലെത്തും. 

അവസാന 30 കളിയിലും തോൽവി അറിയാത്ത അർജന്‍റൈന്‍ ടീമിലും മാറ്റമുണ്ടാവും. ഫ്രാങ്കോ അർമാനി, നഹ്വേൽ മൊളീന, ജർമ്മൻ പസല്ല, അക് അലിസ്റ്റർ, നിക്കോ ഗോൺസാലസ്, യോക്വിം കൊറേയ എന്നിവർക്ക് വിശ്രമം നൽകിയേക്കും. പകരം യുവാൻ മുസ്സോ, ഗോൺസാലോ മൊണ്ടിയേൽ, മാർട്ടിസ് ക്വാർട്ട, ഏഞ്ചൽ ഡി മരിയ, ഒകമ്പസ്, ജുലിയൻ അൽവാരസ് എന്നിവർ പകരമെത്തും. ഒരു ഗോൾ കൂടി നേടിയാൽ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ലിയോണല്‍ മെസിക്ക് സ്വന്തമാക്കാം. 

മെസിയെ മറികടന്ന് മുന്നിലെത്താൽ ലൂയി സുവാരസിനും നാളെ അവസരമുണ്ട്. ഉറുഗ്വേയ്ക്ക് ചിലിയാണ് എതിരാളികൾ. മറ്റ് മത്സരങ്ങളിൽ കൊളംബിയ, വെനസ്വേലയെയും പെറു, പരാഗ്വേയെയും നേരിടും. ബ്രസീലിനെയും അർജന്‍റീനയേയും കൂടാതെ ഇക്വഡോറും ഉറുഗ്വേയും ലാറ്റിനമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. പെറുവും കൊളംബിയയുമാണ് പ്ലേ ഓഫ് ബർത്തിനായി പൊരുതുന്നത്. 

2022 FIFA World Cup Qualifications : സലായോ മാനെയോ? ഖത്തറിലേക്ക് ആരെന്ന് ഇന്നറിയാം