ദുഷാൻബെ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. തജിക്കിസ്ഥാനിലെ സെൻട്രൽ റിപ്പബ്ലിക്കൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 

ആദ്യ ജയം ലക്ഷ്യമിട്ടാണ് സുനിൽ ഛേത്രിയും സംഘവും ഇറങ്ങുന്നത്. മൂന്ന് കളിയിൽ രണ്ട് സമനിലയുമായി രണ്ട് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. മൂന്ന് പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തും. ദുബായിൽ പരിശീലനം നടത്തിയാണ് ഇന്ത്യൻ ടീം തജിക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. 

തണുപ്പുള്ള കാലാവസ്ഥയിൽ ആസ്‌ട്രോ ടർഫിൽ കളിക്കുക ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് കോച്ച് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു. ഈ മാസം പത്തൊൻപതിന് ഒമാനെയും ഇന്ത്യ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഒമാൻ ഇന്ത്യയെ തോൽപിച്ചിരുന്നു.