ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകളാണ്
കൊൽക്കത്ത: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന്(2023 AFC Asian Cup Qualifiers) യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക്(India vs Cambodia football) ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ.
ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകളാണ്. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിൽ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയയാണ്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനിൽ ഛേത്രിയുടെ ബൂട്ടുകളിൽ. ഗോൾവലയത്തിന് മുന്നിൽ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിർണായകമാവും.
സന്ദേശ് ജിംഗാൻ, ഹർമ്മൻ ജോത് ഖബ്ര, പ്രീതം കോട്ടാൽ, അൻവർ അലി, രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാസോ, ബ്രാണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജീക്സൺ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെയും പതിനാലിന് ഹോങ്കോംഗിനേയും ഇന്ത്യന്‍ ടീം നേരിടും. കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ ഇന്ത്യയുടെ റെക്കോർഡ് വളരെ പരിതാപകരമാണ്. ആകെ കളിച്ച 20 മത്സരങ്ങളിൽ ജയിച്ചത് ആറിൽ മാത്രം. ഏഴ് സമനിലയും ഏഴ് തോൽവിയും. അവസാന മൂന്ന് സന്നാഹമത്സരത്തിലും ഇന്ത്യ തോൽവി നേരിട്ടു. ഇന്ത്യയും കംബോഡിയയും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഒന്നിൽ കംബോഡിയയും മൂന്നിൽ ഇന്ത്യയും ജയിച്ചു.
