യുവേഫ നേഷൻസ് ലീഗിൽ ഹാരി കെയ്‌ന്‍റെ ഗോളില്‍ ആയുസ് നീട്ടിയെടുക്കുകയായിരുന്നു ഇംഗ്ലണ്ട്
മ്യൂണിച്ച്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ(UEFA Nations League) ജര്‍മനിക്കെതിരെ അവസാന നിമിഷം സമനില(1-1) പിടിച്ച് ഇംഗ്ലണ്ട്(Germany vs England). രാജ്യത്തിനായി അമ്പതാം ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്നാണ്(Harry Kane) ഇംഗ്ലണ്ടിനെ രക്ഷിച്ചത്. മറ്റൊരു മത്സരത്തിൽ ഹംഗറിയെ ഇറ്റലി തോൽപ്പിച്ചു.
യുവേഫ നേഷൻസ് ലീഗിൽ ആയുസ് നീട്ടിയെടുക്കുകയായിരുന്നു ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തോൽവിയിലേക്ക് നീങ്ങിയ ത്രീ ലയണ്‍സിനെ രക്ഷിച്ചത് നായകൻ ഹാരി കെയ്ന്റെ പെനാൽറ്റി ഗോൾ. കളിയുടെ ഭൂരിഭാഗം നിയന്ത്രണവും ജര്‍മനിക്കായിരുന്നു. അമ്പതാം മിനിറ്റിൽ ആദ്യം ഗോളടിക്കുകയും ചെയ്തു. ജോഷ്വ കിമ്മിച്ചിന്റെ അളന്നുമുറിച്ച പാസിൽ ഹോഫ്മാനാണ് ലക്ഷ്യം കണ്ടത്. പിന്നാലെ സമനില ഗോളിനായി ഇംഗ്ലണ്ടിന്റെ തുടരാക്രമണങ്ങളുണ്ടായെങ്കിലും ഒടുവിൽ എണ്‍പത്തിയെട്ടാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിലാണ് ലക്ഷ്യം കണ്ടത്.
ഹാരിക്ക് 50
ഇംഗ്ലണ്ടിനായി അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കി ഹാരി കെയ്ൻ. 71 മത്സരങ്ങളിൽ നിന്നാണ് ടോട്ടനം താരം 50 ഗോൾ തികച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരിൽ രണ്ടാമതെത്താനും കെയ്നായി. 49 ഗോളുകളുള്ള ഇതിഹാസ താരം ബോബി ചാൾട്ടനെ കെയ്ൻ പിന്തള്ളി. ഇനി 53 ഗോളുകളുള്ള വെയ്ൻ റൂണി മാത്രമാണ് ഹാരി കെയ്ന് മുന്നിലുള്ളത്.
മറ്റൊരു മത്സരത്തിൽ ഹംഗറിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ഇറ്റലി തോൽപ്പിച്ചു. ബരേല, പെല്ലിഗ്രിനി എന്നിവരാണ് അസൂറികൾക്കായി ഗോൾ നേടിയത്. ജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്താനും ഇറ്റലിക്കായി. ഹംഗറി രണ്ടാമതും ജര്‍മ്മനി മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ് ഗ്രൂപ്പിൽ.
