30 minutes without a touch to World Cup record Mikel Oyarzabal powers Spain past Saudi Arabia. എതിരില്ലാത്ത നാല് ഗോളുകൾക്ക് സൗദിയെ തകർത്തപ്പോൾ, ഏറെ പഴി കേട്ട ഒയാർസബാൽ ഇരട്ടഗോളുകൾ നേടി. ലമീൻ യമാൽ തന്റെ കന്നി ലോകകപ്പ് ഗോളും സ്വന്തമാക്കി. ഈ വിജയത്തോടെ സ്പെയിൻ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി.
അറ്റ്ലാന്റ: വലിയ സ്‌ക്വാഡ് ഡെപ്ത്തുമായാണ് സ്‌പെയ്ൻ ഇത്തവണ ലോകകപ്പിനിറങ്ങിയത്. യമാൽ, പെഡ്രി, കുബാർസി, ഗാവി, നിക്കോ വില്യംസ് അടക്കം മികച്ച യുവനിരയുടെ കരുത്താണ് സ്‌പെയിനിന്റെ മുതൽക്കൂട്ട്. എന്നാൽ ആദ്യ മത്സരത്തിൽ കേപ് വർദെയോട് അപ്രതീക്ഷിത സമനിലവഴങ്ങിയ സ്പെയ്നിനെ നിരവധി പേർ സംശയിച്ചു. ടൂർണമെന്റിലെ ഫേവറൈറ്റുകളായി എത്തിയ ടീം ഗ്രൂപ് ഘട്ടം കടക്കില്ലെന്ന് വരെ ആദ്യ മത്സരത്തിന്ശേഷം വിധിയെഴുതി. എന്നാൽ സൗദി അറേബ്യക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയ സ്പെയിനെയാണ് കളത്തിൽ കണ്ടത്.
എതിരില്ലാത്ത 4 ഗോളുകൾക്കാണ് സൗദിയെ സ്‌പെയ്ൻ തകർത്തത്. ലമീൻ യമാൽ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ കൂടിയാണ് ഇന്നലെ നേടിയത്. അതോടൊപ്പം തന്നെ ഒയാർസബാലിന്റെ ഇരട്ട ഗോളും സ്പെയ്നിന് തുണയായി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മോശം ഫോം കാരണം ഏറെ പഴികേട്ട താരം കൂടിയായിരുന്നു ഒയാർസബാൽ.
ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ 'ഒപ്റ്റ'യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ അരമണിക്കൂർ പന്ത് തൊടാതെ മൈതാനത്ത് പൂർണ്ണമായും ഒറ്റപ്പെട്ടുപോകുന്നത് ഇതാദ്യമായായിരുന്നു. അത്തരമൊരു നാണക്കേടിന്റെ റെക്കോർഡും കൊണ്ടാണ് ഒയാർസബാൽ ആദ്യ മത്സരത്തിന് ശേഷം കളംവിട്ടത്. രണ്ടാം മത്സരത്തിൽ ആദ്യ ഇരുപത്തിയഞ്ച് മിനിറ്റിനുള്ളിൽ ഒരു അസിസ്റ്റും രണ്ട് ഗോളും എന്ന മികച്ച സ്റ്റാറ്റസ് ആണ് രണ്ടാം മത്സരത്തിൽ ഒയാർസബാൽ നേടിയത്.
യമാൽ എത്തിയതോടെ സ്‌പെയിനിന്റെ മുന്നേറ്റനിര താളം കണ്ടെത്തിയിട്ടുണ്ട്. ഫെറാൻ ടോറസ് കൂടി ഫോമിലേക്ക് ഉയർന്നാൽ സ്‌പെയ്ൻ ഇനിയും വിജയം കൊയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്നലത്തെ ജയത്തോടെ സ്പെയ്ൻ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്തി. ഉറുഗ്വായ് ആണ് സ്‌പെയിനിന്റെ അടുത്ത എതിരാളികൾ.



