ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനും 22-ാം സ്ഥാനത്തുള്ള ഓസ്ട്രിയയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ആരാധകർക്ക് ആശങ്കയൊഴിഞ്ഞിട്ടില്ല.

ലോസ് ആഞ്ചൽസ്: ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാൻ മുൻ ചാമ്പ്യന്മാരായ സ്പെയിൻ ഇന്നിറങ്ങും. ഓസ്ട്രിയയാണ് നോക്കൗട്ട് ഘട്ടത്തിലെ ലാ റോഹയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി (വെള്ളിയാഴ്ച പുലർച്ചെ) 12:30-നാണ് ലോസ് ആഞ്ചൽസ് സോഫി സ്റ്റേഡിയത്തിൽ മത്സരത്തിന് കിക്കോഫ് ആകുക. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പ്രീ-ക്വാർട്ടറിൽ പോർച്ചുഗൽ-ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ നേരിടാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനും 22-ാം സ്ഥാനത്തുള്ള ഓസ്ട്രിയയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ആരാധകർക്ക് ആശങ്കയൊഴിഞ്ഞിട്ടില്ല. അവസാനമായി കളിച്ച 34 മത്സരങ്ങളിലും തോൽവിയറിയാതെയാണ് സ്പെയിൻ കുതിക്കുന്നത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന അപൂർവ്വ റെക്കോർഡും കോച്ച് ലൂയിസ് ഡി ലാ ഫുവെന്‍റെയുടെ സംഘത്തിനുണ്ട്.

എന്നിട്ടും ആരാധകരെ ആശങ്കപ്പെടുത്തുന്നത് സ്പെയിനിന്‍റെ പരമ്പരാഗതമായ പന്ത് കൈവശം വെച്ചുള്ള കളിശൈലി തന്നെയാണ്. എതിരാളികൾ ബോക്സിന് മുന്നിൽ ശക്തമായ പ്രതിരോധക്കോട്ട തീർക്കുമ്പോൾ അത് ഭേദിക്കാൻ പലപ്പോഴും സ്പെയിൻ ബുദ്ധിമുട്ടാറുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വായ്ക്കെതിരെ 1-0 ന്റെ കഷ്ടിച്ചുള്ള വിജയമാണ് സ്പെയിൻ നേടിയത്. ഇന്ന് ഓസ്ട്രിയയും ഇതേ കടുത്ത പ്രതിരോധ തന്ത്രവുമായി ഇറങ്ങിയാൽ സ്പെയിന് മറുപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പതിവ് ശൈലിയിൽ 4-3-3 ഫോർമേഷനിൽ തന്നെയാകും സ്പെയിൻ ഇന്നും ബൂട്ട് കെട്ടുക. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ യുവ വിംഗർ നിക്കോ വില്യംസ് ഇന്ന് കളിക്കില്ലെന്നത് സ്പെയിനിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ടീമിന്‍റെ പ്രധാന ആക്രമണ ചുമതല 18-കാരൻ സൂപ്പർ താരം ലമീൻ യമാലിലേക്ക് ചുരുങ്ങും. യമാൽ തുടക്കത്തിൽ തന്നെ താളം കണ്ടെത്തി സ്കോർ ചെയ്താൽ കളി പൂർണ്ണമായും സ്പെയിനിന്‍റെ നിയന്ത്രണത്തിലാകും. ടൂർണമെന്‍റിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ മിഷേൽ ഒയാർസബാലിലും ടീം വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ഒയാർസബാൽ ആദ്യ ഇലവനിലിറങ്ങിയ അവസാന 15 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. മധ്യനിരയിൽ റോഡ്രി, പെദ്രി എന്നിവരുടെ സാന്നിധ്യവും സ്പെയിന് കരുത്താകും.

മറുവശത്ത് റാൽഫ് റാഗ്നിക്കിന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഓസ്ട്രിയ നിസ്സാരക്കാരല്ല. നീണ്ട 44 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്ട്രിയ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയയ്ക്കെതിരെ 96-ാം മിനിറ്റിൽ സാസ കലാജ്‌സിച്ച് നേടിയ നാടകീയ ഗോളിലൂടെയാണ് അവർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചത്. കനത്ത പ്രെസ്സിങ് ഗെയിമിലൂടെ സ്പെയിനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 4-2-3-1 ശൈലിയിലാകും ഓസ്ട്രിയ കളിക്കുക. ഡേവിഡ് അലാബ നയിക്കുന്ന പ്രതിരോധ നിരയിൽ തന്നെയാണ് അവരുടെ വിശ്വാസം. ഇരുടീമുകളും നേർക്കുനേർ വന്ന അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ സ്പെയിൻ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ചരിത്രവും ഫോമും സ്പെയിന് അനുകൂലമാണെങ്കിലും നോക്കൗട്ട് മത്സരമായതിനാൽ അട്ടിമറി പ്രതീക്ഷിച്ചാണ് ഓസ്ട്രിയ ബൂട്ട് കെട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക