പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് എല്ലാ സ്വപ്നങ്ങളുടെയും മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിന്‍റെ വോളണ്ടിയര്‍ ആയത്. ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിക്ക് താത്പര്യത്തോടെ കയറി.

ദോഹ: ഏറെക്കാലം കൊതിച്ചിരുന്ന ഫിഫ വോളണ്ടിയര്‍ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക, സേവനത്തിന് ഇടയില്‍ പ്രതീക്ഷിച്ചതിലും മുൻപേ ആറ്റൂനോറ്റു കാത്തിരുന്ന കണ്മണിയെ പ്രസവിക്കുക... പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് എല്ലാ സ്വപ്നങ്ങളുടെയും മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിന്‍റെ വോളണ്ടിയര്‍ ആയത്. ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിക്ക് താത്പര്യത്തോടെ കയറി.

എന്നാല്‍, രക്തസമ്മര്‍ദ്ദത്തിന്‍റെ പ്രശ്നം വന്നതോടെ ജോലിക്കിടെയാണ് പെട്ടെന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നത്. ഡിസംബര്‍ അഞ്ചിന് താനിയെ തന്‍റെ പൊന്നോമനയെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് സുഖമായിട്ടിരിക്കുന്നുവെന്നും പ്രസവം കഴിഞ്ഞ് 11ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചിരുന്നുവെന്നും താനിയ പറഞ്ഞു. ഏഴാം മാസത്തില്‍ വോളണ്ടിയറായി ചെന്നപ്പോള്‍ തന്നെ അധികൃതര്‍ക്ക് വലിയ അമ്പരപ്പായിരുന്നു. മാനേജര്‍ എപ്പോഴും തന്‍റെ സുഖവിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു.

പ്രസവം കഴിഞ്ഞത് എത്തിയപ്പോള്‍ അവരുടെയും ആകാംക്ഷ കൂടുകയാണ് ഉണ്ടായത്. കുഞ്ഞ് എങ്ങനെയിരിക്കുന്നു, വേദനയുണ്ടോ എന്നൊക്കെ എപ്പോഴും ചോദിക്കുമായിരുന്നു. വലിയ കരുതലാണ് എല്ലാവരും നല്‍കിയതെന്ന് താനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം പെട്ടെന്നാണ് കഴിഞ്ഞത്. ചിന്തിക്കാന്‍ ഒന്നും സമയം ലഭിച്ചില്ല. വിഐപി ഹോട്ടലിലായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. കുറെപേരെ കാണാനും പരിചയപ്പെടാനും സാധിച്ചു.

വിവിധ രാജ്യക്കാരായ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ക്കൊപ്പം ജോലി ചെയ്യാനായതില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും താനിയ പറഞ്ഞു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് താനിയയുടെ ഭര്‍ത്താവും കൂട്ടിച്ചേര്‍ത്തു. ഫിഫയും ഖത്തറും ചേർന്ന് നൽകിയ പിന്തുണയ്ക്ക് ഒപ്പം ഒട്ടേറെ പേരുടെ അഭിനന്ദനങ്ങളും ഇപ്പോള്‍ താനിയയെ തേടി എത്തുന്നുണ്ട്. 

ലിയോണല്‍ മെസിയെ ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്ത് വന്‍ ഹിറ്റ്; കടയ്ക്ക് മുന്നില്‍ ആളുകളുടെ ക്യൂ!