45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടേയും കട്ടൗട്ട് ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്നു. 

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുന്നതിനിടെ കട്ടൗട്ട് പോര് പുതിയ തലത്തില്‍. കോഴിക്കോട് പരപ്പൻ പൊയിലിൽ അ‍ർജന്‍റൈൻ ആരാധകർ ലിയോണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയാണ്. ആരാധകര്‍ താളമേളങ്ങളുമായാണ് ഇതിഹാസ താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഇവിടെയെത്തിയത്. 45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടേയും കട്ടൗട്ട് ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്നു. 

പരപ്പൻ പൊയിലില്‍ സ്ഥാപിച്ച പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് അര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയായിരുന്നു നെയ്‌മറുടെ 55 അടി ഉയരുമുള്ള കട്ടൗട്ടുമായി ബ്രസീലിയന്‍ ആരാധകരെത്തിയത്. ഇപ്പോള്‍ മെസിയുടെ കട്ടൗട്ടും പരപ്പൻ പൊയിലില്‍ പ്രത്യക്ഷപ്പെട്ടതോടെ ത്രികോണ പോരാട്ടം പൂര്‍ത്തിയായി. 

ആദ്യം പുള്ളാവൂര്‍

കോഴിക്കോട് പുള്ളാവൂരാണ് സമകാലിക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ മൂവരുടേയും കട്ടൗട്ട് ഉയര്‍ന്ന മറ്റൊരു സ്ഥലം. പുള്ളാവൂരിലെ മെസി, നെയ്‌മര്‍, റോണോ കട്ടൗട്ടുകളുടെ ചിത്രം ഫിഫ വരെ ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായി. അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കട്ടൗട്ടാണ് ഇവിടെ ആദ്യം ഉയര്‍ന്നത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ 40 അടിയുള്ള നെയ്‌മറുടെ കട്ടൗട്ടുമായി ബ്രസീല്‍ ആരാധകരെത്തിയതോടെ പുള്ളാവൂരിലെ കട്ടൗട്ട് പോര് കാര്യമായി. ഇതിലൊന്നും അവസാനിച്ചില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ട് പോര്‍ച്ചുഗല്‍ ആരാധകരും ഇവിടെ ഉയര്‍ത്തിയിരുന്നു. 

ക്രിസ്റ്റ്യാനോയ്ക്കും നെയ്മർക്കും മുകളിൽ മെസി;70അടി ഉയരത്തിൽ കട്ടൗട്ട്

കട്ടൗട്ട് യുദ്ധം തീരുന്നില്ല; പരപ്പൻപൊയിലിൽ സി ആർ 7 നും മെസിക്കും മുകളിലെത്തി നെയ്മര്‍