മിലാന്‍: സീരി എയില്‍ ഒന്നാം സ്ഥാനക്കാരായ യുവന്റസിനെതിരെ എസി മിലാന് ഗംഭീര ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മിലാന്റെ ജയം. യുവന്റസ് രണ്ട് ഗോളിന്റെ ലീഡെടുത്തെങ്കിലും നാല് ഗോള്‍ തിരിച്ചടിച്ച് മിലാന്‍ അവിസ്മരണീയ ജയം സ്വന്തമാക്കി. മത്സരത്തിലെ ആറ് ഗോളുകളും പിറന്നതും രണ്ടാം പകുതിയിലായിരുന്നു. 

47ാം മിനിറ്റില്‍ അഡ്രിയാന്‍ അഡ്രിയാന്‍ റാബിയോട്ട്, 53ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ യുവന്റസിന് ലീഡ് നല്‍കി. എന്നാല്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് 62ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിലാനെ ഒപ്പമെത്തിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാങ്ക് കെസ്സയുടെ മറ്റൊരു ഗോള്‍. തൊട്ടടുത്ത നിമിഷം റാഫേല്‍ ലിയോയിലൂടെ മിലാന്‍ ലീഡെടുത്തു. തിരിച്ചടിക്കാനുള്ള ശ്രമം യുവന്റസ് കടുപ്പിച്ചെങ്കിലും 80ാം മിനിറ്റില്‍ ആന്റെ റെബിക് മിലാന് വിജയമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു. തോറ്റെങ്കിലും യുവന്റസ് 31 മത്സരങ്ങളില്‍ 75 പോയിന്റുമാ്ായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ 49 പോയിന്റുള്ള മിലാന്‍ അഞ്ചാം സ്ഥാനത്താണ്.

 

അതേസമയം രണ്ടാം സ്ഥാനക്കാരായ ലാസിയോ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിച്ചെയാണ് ലാസിയോയെ തോല്‍പ്പിച്ചത്. ജയിച്ചിരുന്നെങ്കില്‍ യുവന്റസുമായുള്ള അകലം നാല് പോയിന്റായി കുറയ്ക്കായിരുന്നു അവര്‍ക്ക്. ഫെലിപ്പെ കെകെഡോയിലൂടെ ലാസിയോ ലീഡ് നേടി. എന്നാല്‍ ഖൗമ ബബക്കര്‍, ഫാബിയോ ലൂസിയോനി എന്നിവരുടെ ഗോളുകള്‍ ലിച്ചെയ്ക്ക് ജയം സമ്മാനിച്ചു.