സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്ന് ഉറപ്പ് പറയാതെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ. ക്ലബ്ബുമായി 2027 വരെ കരാര്‍ ബാക്കിയുണ്ട്, എന്നാല്‍ ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം സീസണിന് ശേഷം തീരുമാനിക്കും. ക്ലബ്ബിന്റെ സീസണിലെ പ്രകടനം വിലയിരുത്തുമെന്നും പല കാര്യങ്ങളെ കുറിച്ചും ചിന്തിക്കാനുണ്ടെന്നും ബ്ലാസ്റ്റേഴ്സ് നായകന്‍ വ്യക്തമാക്കി. ഈ സീസണ്‍ മികച്ചതായിരുന്നില്ല ലൂണയുടെ പ്രകടനം. എങ്കിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ സന്തുഷ്ടനാണെന്നും സൂപ്പര്‍ കപ്പിന് യോഗ്യത നേടാനാണ് ശ്രമമെന്നും ലൂണ വ്യക്തമാക്കി. മുംബൈ സിറ്റി എഫ്‌സിയുമായുളള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ലൂണ. 

മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമാക്കി. 52-ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്. അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ് മുംബൈയുടെ സമനില മോഹം പൊളിച്ചത്. മലയാളി താരം മുഹമ്മദ് ഐമെനാണ് കളിയിലെ താരം. ജയത്തോടെ 23 കളിയില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 9-ാം സ്ഥാനത്തെത്തി. 

ഇന്ത്യ-ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മഴ മുടക്കിയാല്‍ ആര് ജേതാക്കളാവും? കാലാവസ്ഥ റിപ്പോര്‍ട്ട്

സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. അതേസമയം മുംബൈ സിറ്റിക്ക്് പ്ലേഓഫ് യോഗ്യത നേടാന്‍ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിക്കെതിരെ സമനിലയെങ്കിലും വേണം.

സീസണിലെ അവസാന മത്സരവും ജയിക്കാന്‍ ശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ടി ജി പുരുഷോത്തമന്‍ വ്യക്തമാക്കി. ടീമിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറിയിട്ടുണ്ടെന്നും അടുത്ത മത്സരം ജയിക്കും എന്നാണ് പ്രതീക്ഷയെന്നും സൂപ്പര്‍ കപ്പിന് യോഗ്യത നേടണമെന്നും അദ്ദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് സ്വാഭാവികമെന്നും ആരാധകര്‍ക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കൂട്ടിചേര്‍ത്തു.