Asianet News MalayalamAsianet News Malayalam

സൂപ്പര്‍ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം കളിക്കില്ല

ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്സിയും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക.

Adrian Luna to miss Super Cup due to personal reasons says Kerala Blasters gkc
Author
First Published Mar 29, 2023, 3:22 PM IST

കോഴിക്കോട്: ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ നായകന്‍ അഡ്രിയാന്‍ ലൂണ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിനായി കളിക്കാനുണ്ടാകില്ല. ട്വീറ്റിലൂടെയാണ് ലൂണ സൂപ്പര്‍ കപ്പിലുണ്ടാവില്ലെന്ന കാര്യം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. സൂപ്പര്‍ കപ്പിന്‍റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ലൂണക്ക് അവധി എടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ താരത്തിന് അവധി അനുവദിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ടീമിനൊപ്പം തിരിച്ചെത്താനാകട്ടെയെന്നും ബ്ലാസ്റ്റേഴ്സ് കുറിപ്പില്‍ വ്യക്തമാക്കി.

ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്സിയും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.

ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ ജയിച്ചാണ് ബെംഗളൂരു സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബോക്സിന് പുറത്ത് ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ ഛേത്രി അതിവേഗം കിക്കെടുത്ത് ഗോള്‍ നേടുകയായിരുന്നു. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് കളിക്കാരെ തിരിച്ചുവിളിച്ച് മത്സരം ബഹിഷ്കരിച്ചു. റഫറിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തള്ളുകയും ചെയ്തു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.

ഇവാനെ വിലക്കിയാലും ഒരു പരിധിയുണ്ട്; ലക്ഷ്‌മണരേഖ കടക്കാൻ ഫെഡറേഷനാവില്ല

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ്, ഒഡിഷ, ഈസ്റ്റ് ബംഗാള്‍, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരുമാണുള്ളത്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയിതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് ഫൈനലും നടക്കും.

Follow Us:
Download App:
  • android
  • ios