Asianet News MalayalamAsianet News Malayalam

നീലഗര്‍ജനമില്ല; ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഉസ്ബെക്കിസ്ഥാനോടും തോറ്റ് ഇന്ത്യ

മൂന്ന് മാറ്റങ്ങളുമായാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് ഉസ്ബെക്കിസ്ഥാനെതിരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍ അണിനിരത്തിയത്

AFC Asian Cup 2023 Indian Football Team lose to Uzbekistan
Author
First Published Jan 18, 2024, 9:56 PM IST

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റുവാങ്ങി ഇന്ത്യന്‍ ടീം. ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും സുനില്‍ ഛേത്രിയും സംഘവും തോല്‍വി രുചിച്ചു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉസ്ബെക്കിസ്ഥാന്‍റെ വിജയം. 

ഓസ്ട്രേലിയക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് ഉസ്ബെക്കിസ്ഥാനെതിരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടിംഗ് ഇലവനെ 4-3-3 ശൈലിയില്‍ അണിനിരത്തിയത്. ഗോള്‍ബാറിന് താഴെ കാവല്‍ക്കാരനായി ഗുര്‍പ്രീത് സിംഗ് സന്ധുവും സെന്‍ട്രല്‍ സ്ട്രൈക്കറായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും തുടര്‍ന്നപ്പോള്‍ നിഖില്‍ പൂജാരി, സന്ദേശ് ജിങ്കന്‍, രാഹുല്‍ ഭേക്കേ, ആകാശ് മിശ്ര എന്നിവരായിരുന്നു പ്രതിരോധത്തില്‍. മധ്യനിരയില്‍ കളി നിയന്ത്രിക്കേണ്ട ചുമതല സുരേഷ് സിംഗ് വാങ്ജം, അനിരുത്ഥ് ഥാപ്പ, ലാലങ്‌മാവിയ എന്നിവരുടെ കാലുകളിലായി. ഛേത്രിക്കൊപ്പം മന്‍വീര്‍ സിംഗും മഹേഷ് സിംഗുമായിരുന്നു ആക്രമണത്തില്‍. മലയാളി താരം രാഹുല്‍ കെ പി പകരക്കാരുടെ നിരയിലുണ്ടായിരുന്നു.  

കഴിഞ്ഞ കളിയില്‍ ഓസ്ട്രേലിയയുടെ ശക്തമായ ആക്രമണത്തെ 45 മിനുറ്റില്‍ പിടിച്ചുകെട്ടി പേരുകേട്ട ഇന്ത്യന്‍ പ്രതിരോധനിര അമ്പേ പൊളിഞ്ഞതോടെ ഉസ്ബെക്കിസ്ഥാനോട് ഇന്ത്യ ആദ്യപകുതിയില്‍ 0-3ന് പിന്നിലായി. കിക്കോഫായി നാലാം മിനുറ്റില്‍ തന്നെ ഇന്ത്യന്‍ ടീം വിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ ചൂടുപിടിക്കും മുമ്പ് അബ്ബോസ്‌ബേക് ഫായ്‌സുല്ലോവ് ഉസ്ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. 18-ാം മിനുറ്റില്‍ ഇഗോര്‍ സെര്‍ഗീവ് ഇന്ത്യക്ക് രണ്ടാം പ്രഹരം നല്‍കി. ഇന്ത്യന്‍ പ്രതിരോധത്തിന്‍റെ പിഴവില്‍ നിന്നായിരുന്നു ഇരു ഗോളുകളും. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ (45+4) വീണുകിട്ടിയ അവസരം മുതലെടുത്ത ഷെര്‍സോദ് നാസ്‌റുല്ലോവും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മൂന്ന് ഗോളിന് പിന്നിലായി ഇടവേളയ്ക്ക് പിരിഞ്ഞു. ഇതിനിടെ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും സുനില്‍ ഛേത്രിയുടെ ഹെഡര്‍ ക്രോസ്‌ബാറിന് മുകളിലൂടെ പോയി. 

രണ്ടാംപകുതി തുടങ്ങിയതും പകരക്കാരന്‍ മലയാളി താരം രാഹുല്‍ കെ പിയുടെ ഹാഫ്‌ വോളി ശ്രമം തലനാരിഴയ്ക്ക് പോസ്റ്റില്‍ തട്ടി തെറിച്ചത് നീലപ്പടയ്ക്ക് തിരിച്ചടിയായി. 71-ാം മിനുറ്റില്‍ രാഹുല്‍ കെ പി മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഉസ്ബെക് പ്രതിരോധം മറികടക്കാനായില്ല. 72-ാം മിനുറ്റില്‍ ഛേത്രിയെ പിന്‍വലിച്ചതിന് പിന്നാലെ രാഹുല്‍ ഭേക്കേയുടെ ഹെഡര്‍ നിര്‍ഭാഗ്യം കൊണ്ട് വലയിലെത്തിയില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോള്‍ നേടാതിരുന്നതോടെ ഉസ്ബെക്കിസ്ഥാന്‍ അനായാസം ജയിച്ചു. 

Read more: എഎഫ്‌സി ഏഷ്യന്‍ കപ്പ്: ആദ്യപാതിയില്‍ ഓസ്‌ട്രേലിയയെ പൂട്ടി! രണ്ടാംപാതിയില്‍ കൈവിട്ടു, ഇന്ത്യക്ക് തോല്‍വി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios