ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയറിനും റോഡ്രിഗോയ്ക്കുമൊപ്പമാണ് എൻഡ്രിക്കും റയൽ മാഡ്രിഡിൽ പന്ത് തട്ടുക.
മാഡ്രിഡ്: ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയെ ഈ സീസണില്‍ ടീമിലെത്തിച്ച റയല്‍ മാഡ്രിഡ് ബ്രസീൽ യുവതാരം എൻഡ്രിക്കിനെയും ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാസം 27ന് റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ എന്‍ഡ്രിക്കിനെ ആരാധകര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്ന് സ്പാനിഷ് ക്ലബ് വ്യക്തമാക്കി.
ബ്രസീൽ ക്ലബ് പാൽമിറാസിൽ നിന്ന് 38 മില്യണ്‍ ഡോളറിനാണ് കൗമാരതാരം റയൽ മാഡ്രിഡിലേക്കെത്തുന്നത്. ആറ് വര്‍ഷത്തേക്കാണ് കരാര്‍. 2022ല്‍ തന്നെ എന്‍ഡ്രിക്കിനെ ടീമിലെത്തിക്കാനായി റയല്‍ ധാരണയിലെത്തിയിരുന്നെങ്കിലും 16 വയസ് മാത്രമുണ്ടായിരുന്ന താരത്തിന് 18 വയസാവാന്‍ കാത്തിരിക്കുകയായിരുന്നു. നാളെയാണ് എന്‍ഡ്രിക്കിന് 18 വയസ് പൂര്‍ത്തിയാവുക.
ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയറിനും റോഡ്രിഗോയ്ക്കുമൊപ്പമാണ് എൻഡ്രിക്കും റയൽ മാഡ്രിഡിൽ പന്ത് തട്ടുക. അന്താരാഷ്ട്ര ഫുട്ബോളിൽ 10 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. മൂന്ന് ഗോളുകൾ വലയിലെത്തിക്കാനും 17ക്കാരന് കഴിഞ്ഞു. പാൽമിറാസിനായി 82 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളും നേടിയിട്ടുണ്ട്. മാഡ്രിഡിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണെന്നും ബ്രസീല്‍ ടീമിലെ സഹതാരം വീനിഷ്യസ് ജൂനിയര്‍ റയലില്‍ തന്നെ സഹായിക്കാന്‍ ഉണ്ടാകുമെന്നും എന്‍ഡ്രിക്ക് പറഞ്ഞു.
എൻഡ്രിക്കിനായി യൂറോപ്പിലെ പല ക്ലബുകളും മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും താരത്തെ റയൽ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിംങ്ഹാം, ബ്രസീൽ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക്, ക്രൊയേഷ്യയുടെ അനുഭവസമ്പന്നനായ താരം ലൂക്ക മോഡ്രിച്ച് തുടങ്ങിയവർ ഉൾപ്പെടുന്ന റയൽ മാഡ്രിഡ് നിര ഇനി എതിരാളികൾക്ക് വൻഭീഷണിയാകുമെന്നുറപ്പാണ്.
