Asianet News MalayalamAsianet News Malayalam

അ​ഗ്യൂറോ ബാഴ്സയിലേക്കെന്ന് വ്യക്തമാക്കി ​ഗാർഡിയോള

ആ രഹസ്യം ഞാൻ പരസ്യമാക്കാം. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അ​ഗ്യൂറോ. ബാഴ്സയിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടെയാണ് കളിക്കാൻ പോകുന്നതെന്നും ​ഗാർഡിയോള പറഞ്ഞു

Aguero close to signing Barcelona deal, reveals Guardiola
Author
Manchester, First Published May 24, 2021, 10:11 AM IST

മാഞ്ചസ്റ്റർ: ബാഴ്സലോണയിൽ ലിയോണൽ മെസി-സെർജിയോ അ​ഗ്യൂറോ സ്വപ്ന ജോഡിയെ കാണാൻ ആരാധകർക്ക് ഭാ​ഗ്യമുണ്ടാവുമോ ?. ബാഴ്സയിൽ തുടരുന്ന കാര്യത്തിൽ മെസി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും അർജന്റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അ​ഗ്യൂറോ ഈ സീസണിൽ ബാഴ്സയിലേക്ക് പോകുമെന്ന് സിറ്റി പരിശീലകൻ പെപ് ​ഗാർഡിയോള വ്യക്തമാക്കി. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അ​ഗ്യൂറോയെന്ന് ​ഗാർഡിയോള പറഞ്ഞു.

ആ രഹസ്യം ഞാൻ പരസ്യമാക്കാം. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അ​ഗ്യൂറോ. ബാഴ്സയിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടെയാണ് കളിക്കാൻ പോകുന്നതെന്നും ​ഗാർഡിയോള പറഞ്ഞു.

ഇത്തിഹാദിന്‍റെ രാജാവ് താൻ തന്നെയെന്ന് അടിവരയിട്ട്, പ്രീമിയർ ലീഗിൽ സിറ്റിയെ ഒരിക്കൽ കൂടി ചാമ്പ്യൻമാരാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് അ​ഗ്യൂറോ സിറ്റിയുടെ നീലക്കുപ്പായം അഴിക്കുന്നത്. ആളും ആരവവും കൂട്ടിനില്ലാതിരുന്ന ഒരു ക്ലബ്ബിനെ മികവിന്‍റെ കൊടുമുടിയിലെത്തിച്ചുള്ള അർത്ഥവത്തായ മടക്കം. 2011-12 സീസണിലെ അവസാന മത്സരത്തിലെ അവസാന നിമിഷത്തിലെ ഗോളോടെ കിരീടം സിറ്റിക്ക് നൽകിയതടക്കം എത്രയെത്ര സുന്ദരമായ ഓർമ്മകൾ.അതിന് ശേഷം നാല് തവണ കൂടി സിറ്റിയെ ചാമ്പ്യന്മാരാക്കി അഗ്യൂറോ.

അ​ഗ്യൂറോയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളിന് മാഞ്ചസ്റ്റർ സിറ്റി എവർട്ടനെ തകർത്ത മത്സരത്തിൽ ലീഗിൽ ഒരു ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും അഗ്യൂറോ സ്വന്തം പേരിലാക്കി. സിറ്റിക്കായി 184 ​ഗോളുകൾ നേടിയ അ​ഗ്യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 183 ഗോൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. പത്ത് സീസണിലായാണ് ​ലീഗിൽ അഗ്യൂറോ  സിറ്റിക്കായി184 ഗോൾ തികച്ചത്.

അയാൾ ഞങ്ങൾക്ക് പകരംവയ്ക്കാനില്ലാത്ത താരമെന്ന പെപ് ഗ്വാർഡിയോള യുടെ വാക്ക് മാത്രം മതി സിറ്റിക്ക് ആരായിരുന്നു അഗ്യൂറോ എന്ന് അറിയാൻ. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ പോരാട്ടമാണ് നീലക്കുപ്പായത്തിൽ അഗ്യൂറോയുടെ അവസാന മത്സരം.

Follow Us:
Download App:
  • android
  • ios