Asianet News MalayalamAsianet News Malayalam

'ആരാണ് റൊണാൾഡോ? എനിക്ക് അറിയില്ല'; ക്രിസ്റ്റ്യാനോയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി അൽ നാസർ പ്രസിഡന്റ്

സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് സൗദി ക്ലബ്ബുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചത്.

Al Nassr president denies negotiations with cristiano ronaldo
Author
First Published Dec 16, 2022, 9:45 PM IST

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ‍ുമായി പിരിഞ്ഞതോടെ ഫ്രീ ഏജന്റായ പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.  200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ, സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറില്‍ ചേരാന്‍ ധാരണയായതുള്ള വാര്‍ത്തകള്‍ സത്യമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് സൗദി ക്ലബ്ബുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഇപ്പോൾ ലോകകപ്പിൽ നിന്ന് പോർച്ചു​ഗൽ പുറത്തായതിന് ശേഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിലേക്കാണെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഇതിനിടെ സൗദി ക്ലബ്ബ് അൽ നാസറിന്റെ പ്രസിഡന്റ് മുസാലി അൽ മുമ്മാറിനോട് ക്രിസ്റ്റ്യാനോയെ എത്തിക്കുന്നതിനെ കുറിച്ച് ചോദ്യം ഉയർന്നു.

എന്നാൽ, ആരാണ് റൊണാൾഡോ എന്നാണ് ചോദ്യത്തോട് അൽ മുമ്മാർ പ്രതികരിച്ചത്. തനിക്ക് റൊണാൾഡോയെ അറിയില്ലെന്ന് സർക്കാസം കലർത്തി അദ്ദേഹം പറഞ്ഞു. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് എസ്എസ്‍സി സ്പോർട്സിനോട് അൽ മുമ്മാർ വ്യക്തമാക്കി. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്‍റായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ലോകകപ്പിന് ശേഷും റയൽ മാഡ്രിഡ് ​ഗ്രൗണ്ടിലാണ് പരിശീലനം തുടങ്ങിയത്.

ലോകകപ്പിന് തൊട്ടുമുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരിക്കെ ക്ലബ്ബിനെതിരെ അഭിമുഖത്തിൽ മോശം പരാമർശം നടത്തിയതിന് റൊണാൾഡോയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്. ലോകകപ്പിൽ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെയാണ് പോർച്ചുഗൽ നിരയിൽ റൊണാൾഡോ കളിച്ചത്. ലോകകപ്പിന്‍റെ ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ റൊണാൾഡോ ഏറെക്കാലം തന്‍റെ ഹോം ഗ്രൗണ്ടായ സ്പെയിനിലെ മാഡ്രിഡിലേക്ക് എത്തുകയായിരുന്നു.  ശാരീരിക ക്ഷമത നിലനിർത്താൻ പരിശീലനത്തിന് അവസരം വേണമെന്ന റൊണാൾഡോയുടെ അഭ്യർത്ഥന റയൽ അംഗീകരിക്കുകയായിരുന്നു.

ഫിഫയുടെ വമ്പൻ പ്രഖ്യാപനം വന്നു; മൊറോക്കോയ്ക്ക് ആഘോഷിക്കാം, ഏറ്റെടുത്ത് ആരാധകർ

Follow Us:
Download App:
  • android
  • ios