കപ്പ് തേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങും! അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ ഹിലാലിനെതിരെ
സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അല്‍ നസര്‍ താരം മാര്‍സെലോ ബ്രോസിവിച്ചിന് ഫൈനല്‍ നഷ്ടമാകും.
റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍-നസര്‍ ചിരവൈരികളായ അല്‍-ഹിലാലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.45നാണ് മത്സരം. സെമിയില്‍ അല്‍ താവൂനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അല്‍ നസര്‍ ഫൈനല്‍ ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് അല്‍ നസര്‍ ഫൈനലിലേക്ക് മുന്നേറിയത്. അല്‍ അഹ്‌ലി സൗദിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് അല്‍ ഹിലാല്‍ ഫൈനല്‍ പോരിന് എത്തുന്നത്.
സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അല്‍ നസര്‍ താരം മാര്‍സെലോ ബ്രോസിവിച്ചിന് ഫൈനല്‍ നഷ്ടമാകും. മൂന്നാം സൂപ്പര്‍ കപ്പ് കിരീടമാണ് അല്‍ നസര്‍ ലക്ഷ്യമിടുന്നത്. 2020ലാണ് അവസാനമായി അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. അല്‍ ഹിലാലാണ് നിലവിലെ ജേതാക്കള്‍.
നെയ്മര്‍ ഉടനെത്തും
സൂപ്പര്‍ താരം നെയ്മര്‍ സൗദി ലീഗില്‍ അല്‍ഹിലാലിനായി ഉടന്‍ കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 19ന് അല്‍ ഇത്തിഹാദിനെതിരായ മത്സരത്തില്‍ നെയ്മര്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പ് റെക്കോര്‍ഡ് തുകയ്ക്ക് അല്‍ ഹിലാലിലെത്തിയ താരം പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി പുറത്തിരിക്കുകയായിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനാല്‍ സൗദി സൂപ്പര്‍ കപ്പിലും കോപ്പ അമേരിക്കയിലും ബ്രസീല്‍ താരത്തിന് കളിക്കാനായിരുന്നില്ല.