ലണ്ടന്‍: കൊവിഡ് 19 ഭീഷണിയായതോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകള്‍ മിക്കതും നിര്‍ത്തിവച്ചിരുന്നു. അതിലൊന്നായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. എന്നാല്‍ ഏറെ വൈകിയാണ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇനി എന്ന് തുടങ്ങുമെന്നും ഉറപ്പുപറയാന്‍ കഴിയില്ല. ലിവര്‍പൂളാണ് ലീഗില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് ലീഡുണ്ട് ലിവര്‍പൂള്‍. 

ലീഗ് തുടങ്ങാനായില്ലെങ്കില്‍ കൂടുതല്‍ പോയിന്റുള്ള ലിവര്‍പൂളിനെ ജേതാക്കളമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കറായ അലന്‍ ഷിയറര്‍. ലീഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം നല്‍കരുതെന്നാണണ് ഷിയറര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''സീസണ്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുക?  ലീഗ് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിജയികളോ റിലഗേഷനോ ഒന്നും പാടില്ല. ഇതേ ടീമുകളെ വെച്ച് അടുത്ത സീസണ്‍ ആരംഭിക്കണം.'' ഷിയറര്‍ പറഞ്ഞുനിര്‍ത്തി. 

ലീഗില്‍ രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാം. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി കിരീടം ഉയര്‍ത്തിയത്.