ഫറ്റോര്‍ഡ: ഹൈദരാബാദ് എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ക്ലബ് വിട്ടു. ബാഴ്‌സലോണയുടെ പുതിയ പരിശീലക സംഘത്തോടൊപ്പം ചേരുന്നതിന് വേണ്ടിയാണ് റോക്ക പോകുന്നത്. ബാഴ്‌സയുടെ പുതിയ പരിശീലകനായി നിയമിതനായ റൊണാള്‍ഡ് കോമാന്റെ കീഴില്‍ ഫിറ്റ്‌നെസ് ട്രൈയ്‌നറായിരിക്കും റോക്ക. ഇക്കാര്യം ബാഴ്‌സലോണ തങ്ങളുടെ ഓഫിഷ്യല്‍ അക്കൗണ്ട് വഴി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല കോച്ചിനെ വിട്ടുകൊടുക്കാന്‍ തയ്യാറായ ഹൈദരാബാദ് എഫ്‌സിക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദ് എഫ്‌സിക്ക് പുതിയ പരിശീലകനെ കണ്ടെത്താന്‍ സഹായിക്കുമെന്ന് റോക്ക അറിയിച്ചു. 

കോമാന്‍ തന്റെ പരിശീലക സംഘത്തില്‍ ആല്‍ഫ്രഡ് ഷ്രഡര്‍, ഹെന്റിക്ക് ലാര്‍സണ്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. മറ്റൊരാളെകൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് റോക്കയെ ബന്ധപ്പെടുന്നത്. നേരത്തെ ബംഗളൂരു എഫ്സിയുടെ പരിശീലകനായിരുന്നു റോക്ക. അദ്ദേഹം നേരത്തെയും ബാഴ്സലോണയ്ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. 2003 മുതല്‍ 2008 വരെ ഫ്രാങ്ക് റൈക്കാര്‍ഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു റോക്ക.

അവസാന സീസണില്‍ ഏറ്റവും അവസാനാണ് ഹൈദരാബാദ് എഫ്സി അവസാനിപ്പിച്ചത്. രണ്ട് ജയം മാത്രമാണ് ക്ലബിന് സ്വന്തമാക്കാനായത്. ഇതോടെ റോക്കയെ പരിശീലക സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. 2022 വരെയാണ് ഹൈദരാബാദില്‍ റോക്കയുടെ കരാര്‍. റോക്കയെ സംബന്ധിച്ചിടത്തോളം വലിയ ഓഫറാണ് വന്നിട്ടുള്ളത്. അദ്ദേഹം ക്ലബ് വിടുമോയെന്നുള്ളത് വൈകാതെ അറിയാം.