മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡെടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് അലിസണ്‍ ലിവര്‍പൂളിന് നിര്‍ണായക വിജയം സമ്മാനിച്ചത്.

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി ലിവര്‍പൂള്‍. ഇന്ന് അവസാന നിമിഷ ഗോളില്‍ വെസ്റ്റ് ബ്രോമിനെ 1-2ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഗോള്‍ നേടിയതാവട്ടെ ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറും. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡെടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് അലിസണ്‍ ലിവര്‍പൂളിന് നിര്‍ണായക വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ റോബ്‌സണ്‍ കാനുവിന്റെ ഗോളില്‍ വെസ്റ്റ് ബ്രോമിനെ മുന്നിലെത്തിച്ചു. എന്നാല്‍ 33-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് അവസാന നിമിഷത്തില്‍ ലഭിച്ച കോര്‍ണറില്‍ തലവച്ച് അലിസണ്‍ വലകുലുക്കുന്നത്. വീഡിയോ കാണാം...

Scroll to load tweet…

ജയത്തോടെ 36 മത്സരത്തില്‍ 63 പോയിന്റായി ലിവര്‍പൂളിന്. അഞ്ചാം സ്ഥാനത്താണ് അവര്‍. ഇത്രയും മത്സരങ്ങളില്‍ 64 പോയിന്റുള്ള ചെല്‍സിയാണ് തൊട്ടുമുകളില്‍. ലീഗില്‍ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം വോള്‍വ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇതോടെ ആറാം സ്ഥാനത്തേക്ക് കയറാനും സ്പര്‍സിനായി. ഇതോടെ യൂറോപ ലീഗില്‍ കയറാനുള്ള സാധ്യതയും ടോട്ടനം സജീവമാക്കി. ഹാരി കെയ്ന്‍, ഹൊയ്‌ബെര്‍ഗ് എന്നിവരാണ് ടോട്ടനത്തിന്റെ ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. ബ്രറ്റണ്‍- വെസ്റ്റ്ഹാം മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു.

Scroll to load tweet…