ന്യൂയോര്‍ക്ക്: വംശീയച്ചുവയുള്ള ടീമിന്റെ പേര് മാറ്റി അമേരിക്കന്‍ ഫുട്ബോള്‍ ലീഗ് ടീമായ വാഷിംഗ്ടണ്‍ റെഡ്‌സ്‌കിന്‍സ്. 97 വര്‍ഷമായി തുടരുന്ന പേരിലെ റെഡ്‌സ്‌കിന്‍സ് ഒഴിവാക്കുകയാണെന്ന് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തദ്ദേശീയരായ അമേരിക്കക്കാർക്കെതിരായ വംശീയ അധിക്ഷേപമായി പലരും കരുതുന്ന ടീമിന്റെ പേര് മാറ്റണമെന്ന് ടീമിന്റെ മുഖ്യ സ്പോണ്‍സര്‍മാരായ ഫെഡ്‌ക്സും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ടീമിന്റെ പേരും ലോഗോയും ഉപേക്ഷിക്കുകയാണെന്നും പുതിയ പേരും ലോഗോയും വൈകാതെ പുറത്തിറക്കുമെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.1933ലാണ് ക്ലബ്ബിന് ക്ലബ്ബിന് വാഷിംഗ്ടണ്‍ റെഡ്‌സ്‌കിന്‍സ് എന്ന് പേരിട്ടത്. അമേരിക്കയില്‍ പോലീസുകാരുടെ ക്രൂരതയില്‍ ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വംശീയ അതിക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ടീമിന്റെ മുഖ്യ സ്പോണ്‍സര്‍മാരിലൊരാളായ ഫെഡെക്സും പേരിനെതിരെ രംഗത്തെത്തിയത്. ടീമിന്റെ പേര് ഒരു കാരണവശാലും മാറ്റില്ലെന്നായിരുന്നു ഉടമയായ ഡാനിയേല്‍ സ്നൈഡര്‍ മുമ്പ് അഭിപ്രായപ്പെട്ടത്.