മുമ്പ് കളിച്ച ജംഷദ്പൂര്‍ എഫ്‌സിക്ക് വേണ്ടി തന്നെയാണ് അനസ് ബൂട്ടുകെട്ടുക. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ജംഷദ്പൂര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.  

ജംഷദ്പൂര്‍: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ഫുട്‌ബോളര്‍ അനസ് എടത്തൊടിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നു. മുമ്പ് കളിച്ച ജംഷദ്പൂര്‍ എഫ്‌സിക്ക് വേണ്ടി തന്നെയാണ് അനസ് ബൂട്ടുകെട്ടുക. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ജംഷദ്പൂര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 

കഴിഞ്ഞ സീസണില്‍ താരം ഐഎസ്എല്ലില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2019 സീസണില്‍ എടികെ മോഹന്‍ ബഗാന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്. എന്നാല്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 10 മത്സരങ്ങളില്‍ താരം ജംഷഡ്പൂരിന്റെ ജേഴ്‌സിയണിഞ്ഞു. അതിന് തൊട്ടുമുമ്പുള്ള സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയിലും അനസുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

34കാരനായ അനസ് കരിയര്‍ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ചാണ് അനസ് ഐഎസ്എല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എടികെയില്‍ ലോണിലും കളിച്ചു. ഐ ലീഗില്‍ മുംബൈ എഫ്‌സി, പൂനെ എഫ്‌സി എന്നിവയ്ക്കാനും അനസ് കളിച്ചിട്ടുണ്ട്.