Asianet News MalayalamAsianet News Malayalam

അർ‌ജന്റീന ആരാധകർക്ക് ഈ സന്തോഷം എല്ലാം കൂടെ എങ്ങനെ താങ്ങനാകും! വമ്പൻ തീരുമാനം പ്രഖ്യാപിച്ച് ഡി മരിയ

പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ നേടിയതും ഡി മരിയ തന്നെയായിരുന്നു.

angel di maria not retiring from international football
Author
First Published Dec 24, 2022, 8:15 AM IST

ബ്യൂണസ് ഐറിസ്: വിരമിക്കൽ തീരുമാനം പിൻവലിച്ച് അര്‍ജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായി
കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റുന്നതെന്ന് ഡി മരിയ പറഞ്ഞു. ലോകകപ്പോടെ വിരമിക്കുമെന്ന് നേരത്തെ ഡി മരിയ പ്രഖ്യാപിച്ചിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ ‍ഡി മരിയ ഗോൾ നേടിയിരുന്നു. തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോളുകള്‍ നേടി അര്‍ജന്‍റീനയുടെ 'കാവല്‍ മാലാഖയായി' മാറിയിരിക്കുകയാണ് ഏയ്ഞ്ചല്‍ ഡി മരിയ.

പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ നേടിയതും ഡി മരിയ തന്നെയായിരുന്നു. ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്തതിനാണ് അര്‍ജന്‍റീനയ്ക്ക് ആദ്യം പെനാല്‍റ്റി ലഭിച്ചതും, മെസി നീലപ്പടയെ മുന്നില്‍ എത്തിച്ചതും. അതേസമയം, മത്സരത്തിന് മുമ്പ് തന്നെ അര്‍ജന്‍റീന കിരീടം നേടുമെന്ന് മരിയക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു.

ഫൈനലിലെ ഗോള്‍ നില വരെ താരം ഭാര്യക്ക് അയച്ച സന്ദേശത്തില്‍ പ്രവചിച്ചിരുന്നു. ''ഞാന്‍ ചാമ്പ്യനാകും. അത് എഴുതപ്പെട്ടിരിക്കുന്നു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ചെയ്യും. മാറക്കാനയിലെയും വെംബ്ലിയിലെയും പോലെ അത് എഴുതപ്പെട്ടതാണ്. നാളത്തെ ദിനം ആസ്വദിക്കൂ. കാരണം ഞങ്ങള്‍ ചാമ്പ്യന്മാരാകാന്‍ പോവുകയാണ്. ഇവിടെയുള്ള ഞങ്ങള്‍ 26 പേരും ഓരോരുത്തരുടെയും കുടുംബവും അതിന് അർഹരാണ്'' -ഡി മരിയ സന്ദേശത്തില്‍ പറയുന്നു.

ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും തകർത്ത് ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്‌സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ തകർക്കുകയായിരുന്നു. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. 

'അര്‍ഹതയില്ലാത്ത കാര്യം' ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചതിന് പിന്നാലെ 'സാൾട്ട് ബേ'യ്ക്ക് നിരോധനം

Follow Us:
Download App:
  • android
  • ios