അര്‍ജന്റൈന്‍ ടീമിലും പി എസ്ജിയിലും മെസ്സിയുടെ (Lionel Messi) സഹതാരമായ ഡി മരിയ അടുത്ത സീസണില്‍ പുതിയ ക്ലബിലാവും കളിക്കുക. കരാര്‍ പൂര്‍ത്തിയായ ഡി മരിയയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് പി എസ് ജി വ്യക്തമാക്കിയിട്ടുണ്ട്.

പാരീസ്: അര്‍ജന്റീന (Argentina) കോപ അമേരിക്ക കിരീടം നേടുമ്പോള്‍ നിര്‍ണായക പ്രകടനം നടത്തിയത് എയ്ഞ്ചല്‍ ഡി മരിയയായിരുന്നു (Angel Di Maria). ബ്രസീലിനെ ഏക ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ചാംപ്യന്മാരായത്. അന്ന് ഗോള്‍ പിറന്നതും ഡി മരിയയുടെ കാലില്‍ നിന്ന്. ഇത്തരത്തില്‍ വലിയ മത്സരങ്ങളിലെല്ലാം ഡി മരിയ അര്‍ജന്റീന ജേഴ്‌സിയില്‍ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് ടീമില്‍ പോലും തനിക്ക് സ്ഥാനം ഉറപ്പില്ലെന്നാമ് ഡി മരിയ പറയുന്നത്.

അത്തരത്തില്‍ ഉറപ്പുള്ളത് ഒരാള്‍ക്ക് മാത്രമാണെന്നും ഡി മരിയ പറയുന്നു. ''അവസാന 33 മത്സരങ്ങളില്‍ അര്‍ജന്റീന തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനിടെ രണ്ട് കിരീടങ്ങളും ഞങ്ങള്‍ സ്വന്തമാക്കി. ഈ മത്സരങ്ങളിലെല്ലാം വ്യത്യസത ഇലവനെയാണ് കോച്ച് ലിയോണല്‍ സ്‌കലോണി അണിനിരത്തിയത്. എല്ലാ ടീമിലും ലിയോണല്‍ മെസിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നായകന് മാത്രമേ ഖത്തര്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ളൂ. എനിക്ക് പോലും എന്റെ സ്ഥാനം ഉറപ്പുപറയാന്‍ സാധിക്കില്ല.'' ഡി മരിയ പറഞ്ഞു.

അര്‍ജന്റൈന്‍ ടീമിലും പി എസ്ജിയിലും മെസ്സിയുടെ (Lionel Messi) സഹതാരമായ ഡി മരിയ അടുത്ത സീസണില്‍ പുതിയ ക്ലബിലാവും കളിക്കുക. കരാര്‍ പൂര്‍ത്തിയായ ഡി മരിയയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് പി എസ് ജി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ക്ലബുമായി എത്രയുംവേഗം ഇങ്ങിച്ചേര്‍ന്ന് മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഡി മരിയ പറഞ്ഞു. അര്‍ജന്റീനയക്കുവേണ്ടി 122 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഡിമരിയ 25 ഗോള്‍ നേടിയിട്ടുണ്ട്.

മുപ്പത്തിനാലുകാരനായ ഡി മരിയ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകളില്‍ കളിച്ചാണ് പി എസ് ജിയില്‍ എത്തിയത്. യുവന്റസ് , ബാഴ്‌സലോണ ടീമുകളാണ് ഇപ്പോള്‍ ഡി മരിയയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.