2014ൽ അത്‍ലറ്റികോയിൽ എത്തിയ ഗ്രീസ്‌മാൻ ക്ലബ്ബിനായി 133 തവണ വലകുലുക്കിയിട്ടുണ്ട്

മാഡ്രിഡ്: ലോക ഫുട്ബോളിലെ മിന്നും താരമായ അന്റോയിൻ ഗ്രീസ്‌മാൻ പുതിയ തട്ടകത്തിലേക്ക്. അത്‍ലറ്റികോ മാഡ്രിഡ് ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഗ്രീസ്മാന്‍ സ്ഥിരീകരിച്ചു. സീസണിന് ഒടുവിൽ ക്ലബ് വിടുമെന്നാണ് ഫ്രഞ്ച് സൂപ്പർ താരത്തിന്‍റെ പ്രഖ്യാപനം.

സ്പാനിഷ് ക്ലബ് തന്നെ ആയ ബാഴ്‌സലോണയിൽ ഗ്രീസ്‌മാൻ ചേരുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ആണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയും ഗ്രീസ്‌മാനായി രംഗത്തുണ്ട്. അതേസമയം പുതിയ തട്ടകം ഏതാകും എന്ന കാര്യത്തില്‍ സൂപ്പര്‍താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഗ്രീസ്‌മാനെ പിടിച്ചു നിർത്താൻ അത്ലറ്റിക്കോ മാഡ്രിഡ് പരമാവധി ശ്രമിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയിലേക്ക് താരം ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൂടുമാറ്റം സാധ്യമായിരുന്നില്ല. 2014ൽ അത്‍ലറ്റികോയിൽ എത്തിയ ഗ്രീസ്‌മാൻ ക്ലബ്ബിനായി 133 തവണ വലകുലുക്കിയിട്ടുണ്ട്.