ലാ പാസ്: ദക്ഷിണ അമേരിക്കന്‍ മേഖല ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു.

പെറുവിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ബ്രസീലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. രണ്ട് പെനാല്‍റ്റി ഉള്‍പ്പെടെ നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന് ജയമൊരുക്കിയത്. റിച്ചാര്‍ലിസണിന്റെ വകയായിരുന്നു ഒരു ഗോള്‍. ആന്ദ്രേ കാറിലോ, റെനാറ്റോ ടാപിയ എന്നിവരാണ് പെറുവിന്റെ ഗോളുകള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ നെയ്മര്‍ രണ്ടാമതെത്തി. 64 ഗോളുകളാണ് നെയ്മര്‍ക്കുള്ളത്. 62 ഗോളുകള്‍ നേടിയ മുന്‍താരം റൊണാള്‍ഡോയെയാണ് പിഎസ്ജി താരം മറികടന്നത്. 77 ഗോളുകള്‍ നേടിയ പെലെയാണ് ഒന്നാമത്.   

ലാതുറോ മാര്‍ട്ടിനെസ്, ജ്വാകിന്‍ കൊറിയ എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത്. ഹൈ ആള്‍ട്ടിറ്റിയൂട്ട് ലാ പാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സിലെസില്‍ 24ാം മിനിറ്റില്‍ മാഴ്‌സെലോ മാര്‍ട്ടിന്‍സ് മൊറേനൊയുടെ ഗോളില്‍ ബൊളീവിയ മുന്നിലെത്തി. എന്നാല്‍ 45ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോള്‍. കൊറിയയാണ് അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ചത്. 

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയ്‌ക്കെതിരെ ഇക്വഡറിന്റെ ജയം. മൈക്കല്‍ എസ്ട്രാഡയുടെ ഇരട്ട ഗോളും മൊയ്‌സസ് കെയ്‌സേഡൊ, ഗോണ്‍സാലോ പ്ലാറ്റ എന്നിവരുടെ ഓരോ ഗോളുകളുമാണ് അതിഥേയര്‍ക്ക് ജയമൊരുക്കിയത്. അവസാന നിമിഷങ്ങളില്‍ ലഭിച്ച രണ്ട് പെനാല്‍റ്റി ഉറുഗ്വെയുടെ തോല്‍വിഭാരം കുറച്ചു. ലൂയിസ് സുവാരസാണ് രണ്ട് ഗോളും നേടിയത്. 

ചിലി- കൊളംബിയ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. അര്‍തുറോ വിദാല്‍, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചിലിക്കായി ഗോള്‍ നേടി. ജെഫേഴ്‌സണ്‍ ലേര്‍മ, റമദേള്‍ ഫാല്‍കാവോ എന്നിവരുടെ വകയായിരുന്നു കൊളംബിയയുടെ ഗോളുകള്‍. ഗസ്‌റ്റോണ്‍ ഗിമെനെസിന്റെ ഏക ഗോളില്‍ പരാഗ്വെ വെനെസ്വേലയെ മറികടക്കുകയായിരുന്നു.

Powerd by