ലിമ: ദക്ഷിണ അമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യതയില്‍ പ്രമുഖരായ അര്‍ജന്റിനയ്ക്കും ബ്രീസിലിനും ജയം. അര്‍ജന്റിന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പെറുവിനെ മറികടന്നപ്പോള്‍ ബ്രസീല്‍ ഇതേ സ്‌കോറിന് ഉറുഗ്വെയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കൊളംബിയയെ കെട്ടുക്കെട്ടിച്ചു. ഇതുവരെ ജയമറിയാതിരുന്ന വെനെസ്വേല ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ അട്ടിമറിച്ചു. പരാഗ്വെ- ബൊളീവിയ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു.

ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചു കയറിയത്. നിക്കോളാസ് ഗോണ്‍സാലസ്, ലാതുറോ മാര്‍ട്ടിനെസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. 17ാം മിനിറ്റില്‍ ജിയോവാനി സെല്‍സോയുടെ അസിസ്റ്റിലാണ് ഗോള്‍സാലസ് ഗോള്‍ നേടിയത്. 11 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു രണ്ടാം ഗോള്‍. ലിയാന്‍ഡ്രോ പരേഡസിന്റെ പാസ് മാര്‍ട്ടിനെസ് ഗോളാക്കി മാറ്റി. നാല് മത്സരങ്ങളില്‍ 10 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മൂന്ന് ജയവും ഒരു സമനിലയുമാണ് മെസിക്കും സംഘത്തിനുമുള്ളത്. 

തുടര്‍ച്ചയായ നാല് വിജയങ്ങളുമായി 12 പോയിന്റോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഉറുഗ്വെയെയാണ് ബ്രസീല്‍ തകര്‍ത്തത്. ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വെയ്‌ക്കെതിരെ അര്‍തര്‍ മെലോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും 34ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റ് ഗോളാക്കി അര്‍തര്‍ ബ്രസീലിന് ലീഡ് നല്‍കി. 45ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. റെനന്‍ ലോഡിയുടെ പാസ് റിച്ചാര്‍ലിസണ്‍ ഗോളാക്കി മാറ്റി. 

കൊളംബിയക്കെതിരെ ആദ്യ പത്ത് മിനിറ്റില്‍ തന്നെ ഇക്വഡോര്‍ രണ്ട് ഗോളിന്റെ ലീഡെടുത്തു. ഏഴാം മിനിറ്റില്‍ റോബര്‍ട്ട് ആര്‍ബോളേഡയും രണ്ട് മിനിറ്റുകള്‍ക്ക് ശേഷം എയ്ഞ്ചല്‍ മെനയുമാണ് ഗോള്‍ നേടിയത്. 32ാം മിനിറ്റില്‍ മൈക്കല്‍ എസ്ട്രാഡ ലീഡുയര്‍ത്തി. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം സേവ്യര്‍ അറ്യേഗ ലീഡ് നാലാക്കി. രണ്ടാം പകുതിയിലായിരുന്നു ശേഷിക്കുന്ന രണ്ട് ഗോളുകളും. 78ാം മിനിറ്റില്‍ ഗോള്‍സാലോ പ്ലാറ്റ, ഇഞ്ചുറി ടൈമില്‍ പെര്‍വിസ് എസ്തുപിനാന്‍ എന്നിവരാണ് ഗോള്‍ നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോള്‍ ജയിംസ് റോഡ്രിഗസിന്റെ വകായിരുന്നു. നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ഇക്വഡോര്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമായി കൊളംബിയ ഏഴാം സ്ഥാനത്താണ്. 

ചിലിക്കെതിരെ ഒമ്പതാം മിനിറ്റില്‍ ലൂയിസ് മാഗോയുടെ ഗോളിലൂടെ വെനെസ്വേല മുന്നിലെത്തി. എന്നാല്‍ ആറ് മിനിറ്റുകള്‍ക്ക് ശേഷം അര്‍തുറോ വിദാല്‍ ചിലിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. എന്നാല്‍ 81ാം മിനിറ്റില്‍ സലോമോണ്‍ റോന്റോണ്‍ വെനെസ്വേലയ്ക്ക്ക വിജയഗോള്‍ സമ്മാനിച്ചു. ബൊളീവിയക്കെതിരെ എയ്ഞ്ചല്‍ റൊമേറോ, കാകു എന്നിവരാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. മാഴ്‌സെലോ മൊറേനൊ, ബോറിസ് സെസ്‌പെഡാസ് എന്നിവര്‍ ബൊളീവിയയുടെ ഗോള്‍ മടക്കി.